അഗ്നിപഥ് പദ്ധതി പരിഷ്കരിച്ച് കേന്ദ്ര സർക്കാർ; 75% അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടാൻ തീരുമാനം

നാല് വർഷത്തെ സേവനത്തിന് ശേഷം സ്ഥിരം സേവനത്തിന് തിരഞ്ഞെടുക്കപ്പെടാത്ത 75% അഗ്നിവീർമാർക്ക് രണ്ട് വർഷത്തെ അധിക നിയമനം നൽകാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

ന്യൂഡൽഹി: സായുധ സേനയിലെ അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടാൻ തീരുമാനം. നാല് വർഷത്തെ സേവനത്തിന് ശേഷം സ്ഥിരം സേവനത്തിന് തെരഞ്ഞെടുക്കപ്പെടാത്ത 75% അഗ്നിവീറുകളുടെ കാലാവധി നീട്ടാനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ആറ് വർഷം പൂർത്തിയാക്കിയ ശേഷം, സൈന്യത്തിൻ്റെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, സ്ഥിരം സേനയിൽ ചേരാൻ അവർക്ക് വീണ്ടും അവസരം ലഭിക്കും.

18,300 അഗ്നിവീറുകളുടെ ആദ്യ ബാച്ചിൻ്റെ കാലാവധി പൂർത്തിയാക്കിയ ശേഷം അവരെ പിരിച്ചുവിടുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ഈ പദ്ധതി പരിഷ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. യുവാക്കളുടെ നേതൃത്വത്തിൽ വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളും പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ ഉയർന്ന റിക്രൂട്ട്‌മെൻ്റ് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

2022-ൽ അവതരിപ്പിച്ച അഗ്നിവീർ പദ്ധതിയിൽ നിലവിൽ മൂന്ന് സേനങ്ങളിലായി 300,000 അഗ്നിവീറുകളുണ്ട്. രണ്ടാമത്തെ നിയമന കാലയളവിൽ ഉയർന്ന ശമ്പളം, കൂടുതൽ സേവാ നിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ സുബ്രഹ്മണി പറഞ്ഞു. ആദ്യ റൗണ്ടിൽ തെരഞ്ഞെടുക്കപ്പെടാത്ത അഗ്നിവീർമാർക്ക് കൂടുതൽ കാലം സേവനമനുഷ്ഠിക്കാൻ അവസരം നൽകുന്നതിനാണ് ഈ വിപുലീകരണം ഉദ്ദേശിക്കുന്നത്. പുതിയ പദ്ധതിയിൽ അഞ്ചാം വർഷം മുതൽ അഗ്നിവീറുകൾക്ക് പ്രതിമാസം ₹43,500 ഉം ആറാം വർഷം പ്രതിമാസം ₹47,500 ഉം ലഭിക്കും. മൂന്ന് സേനകളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കാലയളവ് നീട്ടിയത്.

സംഭവത്തോട് പ്രതികരിച്ച കോൺഗ്രസ് 2022 ൽ പദ്ധതി അവതരിപ്പിച്ചപ്പോൾ രാഹുൽ ഗാന്ധി അതിനെ എതിർത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്ന് പാർട്ടി നേതാവ് പവൻ ഖേര ആരോപിച്ചു. പദ്ധതിയിൽ ഒരുപാട് പിഴവുകളുണ്ടെന്ന് ആരോപിച്ച അദ്ദേഹം, സർക്കാർ ഒടുവിൽ പദ്ധതി പിൻവലിക്കേണ്ടിവരുമെന്നും ആവർത്തിച്ചു.

Content Highlights: The Union government has approved changes to the Agnipath scheme, allowing 75% of Agniveers not selected for permanent service after four years to serve for two additional years, with another opportunity to join the regular armed forces.

To advertise here,contact us