അക്രമത്തിലൂടെ ഭരണമാറ്റം ആവശ്യപ്പെടുന്നവർക്ക് സർക്കാർ ജോലിയില്ലെന്ന് യോഗി; ബ്രിട്ടീഷ് കാലത്തോട് ഉപമിച്ച് S P

അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടെ ഭരണമാറ്റത്തിനായുള്ള ആഹ്വാനങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് യോഗി സർക്കാർ വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്

ലഖ്‌നൗ: അക്രമത്തിലൂടെ ഭരണമാറ്റം ആവശ്യപ്പെടുന്നവർക്ക് സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നടപടി സ്വീകരിച്ച് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. അക്രമത്തിലൂടെ നിലവിലെ ഭരണക്രമം മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തുന്നവരെ സർക്കാർ ജോലിയിൽ നിയമിക്കുന്നതിൽ നിന്ന് ഒഴിവാക്കാമെന്ന് പുതിയ സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടെ ഭരണമാറ്റത്തിനായുള്ള ആഹ്വാനങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ ജോലികളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ സ്വഭാവ പരിശോധനാ ചട്ടങ്ങൾ കർശനമാക്കിയത്.

സ്വഭാവ പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ വൈകുന്നു എന്ന കാരണത്താൽ മാത്രം നിയമന ഉത്തരവ് നൽകുന്നത് നീട്ടിവയ്ക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർഥിയിൽ നിന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പ്രഖ്യാപനവും ആവശ്യമായ രേഖകളും വാങ്ങിയ ശേഷം താൽക്കാലിക നിയമന ഉത്തരവ് നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിക്കും. എന്നാൽ പരിശോധനയിൽ ഉദ്യോഗാർഥി നിയമനത്തിന് അയോഗ്യനാണെന്ന് കണ്ടെത്തുകയോ തെറ്റായ വിവരങ്ങൾ നൽകിയതായി തെളിയുകയോ ചെയ്താൽ നിയമനം ഉടൻ റദ്ദാക്കും. തുടർന്ന് നിയമനടപടികളും സ്വീകരിച്ചേക്കാം. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം നിലവിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് വീണ്ടും സ്വഭാവ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. എന്നാൽ, ആവശ്യമെങ്കിൽ നിയമനാധികാരിക്ക് ഉദ്യോഗാർഥി മുമ്പ് ജോലി ചെയ്തിരുന്ന വകുപ്പുകളിൽ നിന്ന് ബന്ധപ്പെട്ട വിവരങ്ങൾ തേടാമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

സ്വഭാവ പരിശോധനയ്ക്കുള്ള അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം ജില്ലാ പൊലീസും ലോക്കൽ ഇന്റലിജൻസ് യൂണിറ്റും റിപ്പോർട്ട് നിയമനാധികാരിക്ക് സമർപ്പിക്കണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു. റിപ്പോർട്ട് നൽകുന്നതിലെ കാലതാമസം ആഭ്യന്തര വകുപ്പ് നിരീക്ഷിക്കും. പരിശോധനയുടെ ഭാഗമായി ഉദ്യോഗാർഥിയുടെ വീട്ടിൽ പൊലീസ് അല്ലെങ്കിൽ ലോക്കൽ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തേണ്ടതില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. പരിശോധനയ്ക്കായി ഉദ്യോഗാർഥിയുടെ നേരിട്ടുള്ള സാന്നിധ്യവും നിർബന്ധമല്ല. പരിശോധനാ റിപ്പോർട്ട് പ്രതികൂലമാണെങ്കിൽ, ശുപാർശ ജില്ലാ മജിസ്‌ട്രേറ്റ് കൈമാറുന്നതിന് മുമ്പ് ഉദ്യോഗാർഥിക്ക് തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണം. ഓൺലൈനായോ നേരിട്ടോ വിശദീകരണം നൽകാൻ അവസരമൊരുക്കിയ ശേഷമായിരിക്കണം തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

യോ​ഗി സർക്കാരിൻ്റെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി രം​ഗത്ത് വന്നിട്ടുണ്ട്. യോഗി സർക്കാരിന്റെ ഉത്തരവിനെ ബ്രിട്ടീഷ് ഭരണകാലത്തെ നടപടികളോട് ഉപമിച്ചാണ് സമാജ്‌വാദി പാർട്ടിയുടെ വിമർശനം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ ഭരിച്ചിരുന്നവർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. നിയമപരവും അംഗീകൃതവുമായ നടപടികളിലൂടെയാണ് ഭരണമാറ്റം സംഭവിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിന് ശേഷവും അധികാരമാറ്റം ഉണ്ടാകാം. അതിൽ ആർക്കും പങ്കെടുക്കാം. നിലവിലെ സർക്കാർ ഭീഷണിപ്പെടുത്തുന്ന മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന ഉത്തരവുകൾ ഉണ്ടാകുന്നത് എന്നായിരുന്നു സമാജ്‌വാദി പാർട്ടി വക്താവ് ഉദയ്‌വീറിൻ്റെ പ്രതികരണം.

യോ​ഗി സർക്കാർ ജഡ്ജിയുടെ അധികാരം ഏറ്റെടുക്കുകയാണോ എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് റാഷിദ് അൽവിയുടെ വിമർശമനം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണോ? കോടതികൾ ഇല്ലേ? ജെൻ സി പ്രതിഷേധങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത് അദ്ദേഹം പറഞ്ഞു.

Content Highlights: Uttar Pradesh Chief Minister Yogi Adityanath has tightened character verification rules for government job applicants, stating that those involved in violent attempts at regime change will not be eligible for government jobs. The Samajwadi Party has criticised the move, comparing it to the British colonial era

To advertise here,contact us