'കശ്മീരികളെ സംരക്ഷിക്കുന്നത് പാകിസ്ഥാൻ,കേന്ദ്രത്തിൽ നിന്ന് നീതി ലഭിക്കില്ല'; വിവാദപരാമർശവുമായി ഫാറൂഖ് അബ്ദുള്ള

വിമർശനവുമായി ബിജെപി

ജമ്മു: കശ്മീരികളെ സംരക്ഷിക്കുന്നത് പാകിസ്ഥാൻ എന്ന നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം വിവാദത്തിൽ. ബാരാമുള്ളയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം. പിന്നാലെ വിമർശനവുമായി ബിജെപിയും രംഗത്തെത്തി.

'പാകിസ്ഥാൻ കശ്മീർ വിഷയം നിരന്തരം പിന്തുടരുന്നുണ്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കശ്മീർ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല എന്നുപറഞ്ഞ് പലയിടത്തേക്കും പോകുന്നുണ്ട്. അദ്ദേഹം നമ്മളെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ നമ്മുടെ കേന്ദ്രസർക്കാരിന്റെ ഉദ്ദേശം ശരിയല്ല' എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. കേന്ദ്രത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത് എന്നും പോരാടാൻ ധൈര്യം കാണിച്ചില്ലെങ്കിൽ നമ്മൾ തുടച്ചുനീക്കപ്പെടുമെന്നും വ്യക്തിത്വം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. അദ്ദേഹം മാപ്പ് പറയണമെന്നും പാകിസ്താനിലേക്ക് പോകണമെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ സത് ശർമ്മ പറഞ്ഞു. ജമ്മു കശ്മീരിലെ മുസ്ലിങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണെന്നും 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ അനന്തരഫലങ്ങൾ അബ്ദുള്ള അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബാരാമുള്ളയിലെ പരിപാടിയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന ബുൾഡോസർ രാജിനെതിരെയും ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. രാജ്യമെമ്പാടുമുള്ള മുസ്‌ലിങ്ങൾ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് അബ്ദുള്ള ആവശ്യപ്പെട്ടു. സമുദായത്തിന്റെ സ്വത്തുക്കൾ അനുപാതമില്ലാതെ ബിജെപി ലക്ഷ്യമിടുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. മുസ്‌ലിങ്ങളുടെ വീടും കടകളും ആരാധനാലയങ്ങളും തകർക്കുന്ന ഒരു ഭരണകൂടത്തെ എങ്ങനെ പിന്തുണയ്ക്കാൻ കഴിയുമെന്നും അവകാശങ്ങൾ സംരക്ഷിക്കാൻ കൂട്ടായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: National Conference leader and former Jammu and Kashmir Chief Minister Farooq Abdullah triggered a political controversy with his statement that Pakistan protects Kashmiris. He made the remarks while addressing party workers in Baramulla.

To advertise here,contact us