ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്; ഡ്രൈവര്‍ക്ക് പരിക്ക്

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്. ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെയാണ് താരത്തിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. മൂന്ന് തവണയാണ് താരത്തിന്റെ ബിഎംഡബ്ല്യുവിന് നേരെ വെടിയുതിര്‍ത്തത്. ജുഹു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആക്രമണത്തില്‍ താരത്തിന്റെ ഡ്രൈവറിന് പരിക്കേറ്റെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തെ നാനാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം താരം സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പിതാവും നടനുമായ ജാക്കി ഷ്‌റോഫിന്റെ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് വേണ്ടി ആക്രമണം നടത്തിയത് തങ്ങളാണെന്ന് വിദേശത്തുള്ള അനില്‍ പണ്ഡിറ്റ്, ഹര്‍മന്‍ സന്ധു എന്നീ ഗുണ്ടാനേതാക്കള്‍ സോഷ്യല്‍ മീഡിയവഴി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ സാംസ്‌കാരിക മന്ത്രി ആഷിഷ് ഷേലാര്‍ ഷ്‌റോഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Bollywood actor Tiger Shroff was reportedly targeted His driver got hurt in the incident

To advertise here,contact us