വ്യാപാരികള്‍ക്ക് ആശ്വാസം; യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഇടാക്കുന്നത് ദീപാവലി കഴിഞ്ഞ് മാത്രമെന്ന് NPCI

ഒക്ടോബര്‍ 15 മുതല്‍ എംഡിആര്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

ന്യൂഡല്‍ഹി: ഉത്സവകാലത്ത് തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി യുപിഐ ഇടപാടുകളിന്മേലുള്ള 'മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' (MDR) നടപ്പിലാക്കുന്നത് ദീപാവലിക്ക് ശേഷത്തേക്ക് മാറ്റിവെച്ചതായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. തെരഞ്ഞെടുത്ത 'പേഴ്സണ്‍-ടു-മര്‍ച്ചന്റ്' (P2M) ഇടപാടുകള്‍ക്ക് എംഡിആര്‍ ബാധകമാക്കുന്നത് ദീപാവലിക്ക് തൊട്ടുപിന്നാലെ മതിയെന്നാണ് യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചത്. ഇതുസംബന്ധിച്ച കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഒക്ടോബര്‍ 13-ലെ എന്‍പിസിഐ പത്രക്കുറിപ്പില്‍ പറയുന്നു.

ഒക്ടോബര്‍ 15 മുതല്‍ എംഡിആര്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് വൈകിപ്പിക്കണമെന്ന വ്യാപാരി സംഘടനകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും പേയ്മെന്റ് കമ്പനികളുടെയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഉത്സവകാലത്തെ കച്ചവടങ്ങളില്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടപടി 2027 ജനുവരി വരെ നീട്ടിവെക്കുന്ന കാര്യം എന്‍പിസിഐ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിര്‍ദ്ദേശിക്കപ്പെട്ട നിരക്കുകളെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍ സംബന്ധിച്ചും വ്യവസായ മേഖല ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏതെല്ലാം ഇടപാടുകള്‍ക്കാണ് എംഡിആര്‍ ബാധകമാകുക എന്നതും വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളാണോ ബാധകമാവുക എന്നതും ആശങ്കയായി ഉയര്‍ന്നിട്ടുണ്ട്.

2,000 രൂപയ്ക്ക് മുകളിലുള്ള തെരഞ്ഞെടുത്ത യുപിഐ ഇടപാടുകള്‍ക്ക് 0.4% നിരക്കില്‍ എംഡിആര്‍ ഈടാക്കാനാണ് നീക്കം. ഈ നിരക്ക് പ്രകാരം, 10,000 രൂപയുടെ ഇടപാടിന് 40 രൂപ ചാര്‍ജ് വരും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിന് വ്യാപാരികള്‍ നല്‍കുന്ന ഫീസാണ് എംഡിആര്‍. നിലവിലുള്ള ക്രമീകരണങ്ങള്‍ക്കനുസരിച്ച്, പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിനുള്ള ചെലവിനെ ഇത് ബാധിച്ചേക്കാം. ഷോപ്പിംഗ്, ഇലക്ട്രോണിക്‌സ്, യാത്ര, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നതിനാല്‍, ഇടപാടുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന ഉത്സവകാലം ചില്ലറ വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ക്കും വളരെ പ്രധാനപ്പെട്ട ഒരു കാലയളവാണ്. ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് കൂടുതല്‍ സമയം ലഭിക്കാന്‍ ഇപ്പോഴുള്ള തീരുമാനം മേഖലയെ സഹായിക്കും.

ഒക്ടോബര്‍ 13-ന് പുറത്തിറക്കിയ അറിയിപ്പില്‍, ഈ ചാര്‍ജുകള്‍ ഏന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നോ, തീരുമാനത്തിന്റെ പരിധിയില്‍ വരുന്ന ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങളോ എന്‍പിസിഐ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുത്ത പി2എം യുപിഐ ഇടപാടുകള്‍ക്കുള്ള എംഡിആര്‍ ദീപാവലിക്ക് തൊട്ടുപിന്നാലെ നടപ്പിലാക്കുമെന്ന് മാത്രമാണ് സമിതി അറിയിച്ചിട്ടുള്ളത്. തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ സമയക്രമത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: NPCI has postponed the implementation of Merchant Discount Rate on selected UPI person-to-merchant transactions until after Diwali to avoid disruptions during the festive season

To advertise here,contact us