ഡല്‍ഹി സമരം; 20,000 അർദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ ഒരുമാസത്തോളം തലസ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ട്

അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് പുറമെ ആയിരക്കണക്കിന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചിനെ നേരിടാന്‍ അണിനിരന്ന 20,000 അർദ്ധ സൈനിക ഉദ്യോഗസ്ഥര്‍ ഒരുമാസത്തോളം തലസ്ഥാനത്ത് തുടരുമെന്ന് വിവരം. വിപണികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ജനത്തിരക്ക് വര്‍ദ്ധിക്കുന്ന വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്താണ് ഇത്രയധികം ഉദ്യോഗസ്ഥരെ നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം പ്രതിഷേധങ്ങള്‍ക്കായി ഇനി ജന്തര്‍ മന്തര്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയിരുന്നു. രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ചിരിക്കുന്ന സമര കേന്ദ്രങ്ങള്‍. പുതിയ പ്രതിഷേധ സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ സമഗ്രമായ പരിശോധന പൂര്‍ത്തിയായതായി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് ഇന്‍ഡ്യ മുന്നണി മാര്‍ച്ച് വന്‍ ജന പങ്കാളിത്താമാണ് ഉണ്ടായത്. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് ഇന്‍ഡ്യ മുന്നണി നേതാക്കളോടൊപ്പം നേഹാ ബോറ, ഐഷി ഘോഷ് അടക്കമുള്ള യുവ നിരയും മാര്‍ച്ചിന് നേതൃത്വം നല്‍കി. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയും നല്‍കി.

ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി നഗരത്തിന്റെ അതിര്‍ത്തികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, മറ്റ് സുരക്ഷാപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയ പൊലീസ്, ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍, ധര്‍മ്മശാലകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ ഊര്‍ജിതമാക്കി. അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് പുറമെ ആയിരക്കണക്കിന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി ജില്ലയെ 20 മേഖലകളായി തിരിച്ച്, ജോയിന്റ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവര്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്.

Content Highlights:

To advertise here,contact us