ഉപതെരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ ടിവികെ; പശ്ചിമബംഗാളിൽ ബിജെപി

അസമിലെ ലോക്സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയക്കൊടി പാറിച്ചു

ചെന്നൈ/ കൊൽക്കത്ത: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് ആശ്വസം. തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടിവികെ മിന്നുന്ന ജയം സ്വന്തമാക്കിയപ്പോൾ പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും എൻഡിഎ വിജയം നേടി. അസമിലെ ലോക്സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയക്കൊടി പാറിച്ചു.

തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങൾ എഐഎഡിഎംകെയിൽ നിന്നും ടിവികെ തിരിച്ചു പിടിച്ചു. ധാരാപുരത്ത് ടിവികെയും പി സത്യഭാമ 9471 വോട്ടിനാണ് വിജയിച്ചത്. ഡിഎംകെ ഇവിടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ തങ്ങളുടെ പരമ്പരാ​ഗത ശക്തി കേന്ദ്രത്തിൽ എഐഎഡിഎംകെ മൂന്നാം സ്ഥാനത്താണ്. പി സത്യഭാമ 66841 വോട്ട് നേടിയപ്പോൾ ഡിഎംകെ സ്ഥാനാർത്ഥി എസ് സുഖന്യ 57370 വോട്ടും എഐഐഡിഎംകെ സ്ഥാനാർ‌ത്ഥി കെ ഭാനുമതി 45280 വോട്ടും നേടി.

പശ്ചിമ ബംഗാളിൽ നന്ദിഗ്രാമിലും റേജിനഗറിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുൻ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയ ഭബാനിപൂർ മണ്ഡലം നിലനിർത്താൻ തീരുമാനിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് രാജിവെച്ചതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റേജിനഗർ, നൗദ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച ആം ജനതാ ഉന്നയൻ പാർട്ടി അധ്യക്ഷൻ ഹുമയൂൺ കബീർ റേജിനഗർ സീറ്റ് രാജിവെച്ചതിനെത്തുടർന്നാണ് അവിടെയും ഉപതെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടിൽ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുടെ മരഗതം കുമാരവേൽ, പി. സത്യഭാമ എന്നിവരാണ് യഥാക്രമം ഈ മണ്ഡലങ്ങളിൽ വിജയിച്ചത്. എന്നാൽ, മുഖ്യമന്ത്രി വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാരിന് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ പിന്തുണ നൽകിയ വിമത എഐഎഡിഎംകെ എംഎൽഎമാരുടെ കൂട്ടത്തിൽ ഇവരുമുണ്ടായിരുന്നു. പിന്നീട് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്നു. ഇതോടെയാണ് രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പുതുച്ചേരിയിൽ തട്ടാഞ്ചാവടി മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തട്ടാഞ്ചാവടിയിലും മംഗലത്തും വിജയിച്ച മുഖ്യമന്ത്രി കൂടിയായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസാമി മംഗലം മണ്ഡലം നിലനിർത്താൻ തീരുമാനിച്ചതിനെത്തുടർന്ന് തട്ടാഞ്ചാവടി സീറ്റ് രാജിവെക്കുകയായിരുന്നു. അസമിൽ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. 2024-ൽ കോൺഗ്രസ് സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ച പ്രദ്യുത് ബോർദൊലോയ് പിന്നീട് ബിജെപിയിൽ ചേർന്നു. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദിസ്പൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് നാഗോൺ ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Content Highlights: Tamilaga Vettri Kazhagam (TVK) emerges as a key political force in Tamil Nadu, while the BJP takes the lead in West Bengal in the by-election developments

To advertise here,contact us