'ഇന്‍ഡ്യ' നേതാക്കള്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി; കൂടിക്കാഴ്ച രാത്രി 8 മണിക്ക്

ദിവസം മുഴുവന്‍ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ രാത്രി 8 മണിക്ക് സമയം നല്‍കിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാല്‍ ഘോഷ്

ന്യൂഡല്‍ഹി: ഇന്‍ഡ്യാസഖ്യ എംപിമാരെ കാണാന്‍ അനുമതി നല്‍കി രാഷ്ട്രപതി. രാത്രി എട്ട് മണിക്ക് കൂടിക്കാഴ്ച നടക്കും. പത്ത് എംപിമാര്‍ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാവും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘത്തിലുണ്ടാവുമെന്നാണ് കുനാല്‍ ഘോഷിന്റെ എക്‌സ്‌പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. ദിവസം മുഴുവന്‍ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ രാത്രി 8 മണിക്ക് സമയം നല്‍കിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാല്‍ ഘോഷ് ചോദിച്ചു. നിങ്ങള്‍ വലിയൊരു അബദ്ധമാണ് ചെയ്യുന്ന്. രാജ്യം മുഴുവന്‍ ഇത് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത, ഡല്‍ഹി രാജധാനി എക്‌സ്പ്രസ് റദ്ദാക്കിയിരിക്കുന്നു. ചില ട്രെയിനുകള്‍ വൈകിയോടുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഭയമാണോയെന്നും കുനാല്‍ ഘോഷ് ചോദിക്കുന്നു.

പലകുറി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്‍ഡ്യാ സഖ്യം. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് വൈകിയുള്ള ഈ നീക്കം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടത്. മൂന്നാം ദിവസമായ ഇന്നലെ പ്രതിഷേധ മാര്‍ച്ച് ഒഴിവാക്കിയെങ്കിലും ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സമാധാന ധര്‍ണയിരിക്കുകയും ചെയ്തിരുന്നു.

Content Highlights: President Droupadi Murmu is scheduled to meet 10 INDIA bloc leaders at 8 PM on Friday, October 9

To advertise here,contact us