ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. നിയമത്തോട് കമ്മീഷന് സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി. ഗ്യാനേഷിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
പത്ത് ദിവസത്തിനകം മറുപടി പറയണമെന്നും കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു. ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഏകപക്ഷീയ നടപടിയിൽ ചോദ്യങ്ങളുന്നനയിച്ച കോടതി ഫോം 6-ല്‍ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ഏതെങ്കിലും തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നില്ലെന്ന് രേഖകൾ കാണിക്കുകയാണെങ്കിൽ, അവ റദ്ദാക്കുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളോട് ഇതുസംബന്ധിച്ച വിശദീകരണവും കോടതി തേടിയിട്ടുണ്ട്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ശനിയാഴ്ച്ച ഡൽഹിയിൽ ആരംഭിക്കുന്ന സിജെപിയുടെ സമരം ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ തുടരുമെന്ന് മുഖ്യവക്താവ് സൗരവ് ദാസ് റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായിരിക്കും ശനിയാഴ്ച്ച ഡൽഹിയിൽ ആരംഭിക്കുന്ന സിജെപിയുടെ സമരമെന്ന് മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഖേ എക്സിൽ കുറിച്ചു. ഡൽഹിയിൽ വനിതാ മാധ്യമ പ്രവർത്തകരെ ബിജെപി ഉപദ്രവിച്ചു. സമരം ചെയ്യുന്ന സിവിൽ സൊസൈറ്റിക്കും, യുവജന സംഘടനകൾക്കും കോൺഗ്രസ് പിന്തുണ നൽകുന്നതായും ഖർഖേ വ്യക്തമാക്കി.
Content Highlights: supreme court notice to election commission over gyanesh kumar plea