കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കന്നുകാലി മോഷണം ആരോപിച്ച് ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. ഉത്തര്‍ ദിനാജ്പൂര്‍ സ്വദേശി സാഹിദ് അക്തര്‍, ഹരിയാന സ്വദേശി ഷാദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സിലിഗുരിക്ക് സമീപം മാട്ടിഗാരബാഗ്ദോഗ്ര മേഖലയിലാണ് സംഭവമുണ്ടായത്. പിക്കപ്പ് വാനിലും കാറിലുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം.
ഈ ആഴ്ചകളില്‍ കന്നുകാലി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമായിരുന്നു അവിടം എന്നതാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. അക്രമികള്‍ പിക്കപ്പ് വാനിനും തീയിട്ടു. ഗുരുതരമായി പരിക്കേറ്റ അമീര്‍ സത്താര്‍, അക്രം ഖാന്, ആരിഫ് ഖാന് എന്നിവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട അന്വേഷണം നടക്കുന്നത്. ആക്രമണത്തില്‍ പങ്കാളികളായി എന്ന് കരുതുന്ന നാല് പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ത്രിണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി അധികാരത്തില്‍ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നോ അത് തന്നെയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐഎം നേതാവ് ഷതാറപ് ഘോഷ് കുറ്റപ്പെടുത്തി. സംഭവത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ടിഎംസിയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ ബിജെപി, ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
Content Highlights: Two people were killed and three others seriously injured in a mob attack in West Bengal following an allegation of cattle theft. The incident took place in the Matigara-Bagdogra area near Siliguri, where locals reportedly stopped a group travelling in a pickup van and car. Police said the circumstances surrounding the incident are under investigation.