തിരുവനന്തപുരം: ഡല്‍ഹിയിലെ സമരത്തിനിടെ വനിതാ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ വീഡിയോ ഫൂട്ടേജ് ഹാജരാക്കാനാണ് പൊലീസ് പറയുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പരാതി സ്വീകരിക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
ജന്തര്‍ മന്തറിന് സമീപം ശനിയാഴ്ച നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. മാധ്യമപ്രവത്തകമാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എസ്ഐആര്‍ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടികളിലാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും ഞെട്ടല്‍ ഉളവാക്കുന്നതുമാണെന്ന് ആരോപിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്ത് വന്നു. ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി സംഭവത്തില്‍ അമിത് ഷാ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നൂറ് കണക്കിന് വനിതാ പ്രവര്‍ത്തകരെ പൊലീസ് ക്രൂര അതിക്രമത്തിന് വിധേയമാക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
Content Highlights: Brinda Karat alleged that the police are protecting the officer accused of sexually harassing women journalists during the Delhi protest