ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം; ഒരു കുട്ടിക്ക് പരിക്ക്

ആനന്ദ് പര്‍ബത്തിലുള്ള പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടമുണ്ടായത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ആനന്ദ് പര്‍ബത്തിലുള്ള പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടമുണ്ടായത്. ഡല്‍ഹി സത്യനികേതനിൽ ഹോസ്റ്റല്‍ തകര്‍ന്നുണ്ടായ അപകടത്തിൻ്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് അടുത്ത അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനായിരുന്നു സത്യനികേതനിൽ ആണ്‍കുട്ടികളുടെ പിജിയായി പ്രവർത്തിച്ചിരുന്ന 'ഹോസ്റ്റല്‍ ഡേയ്‌സ്' എന്ന കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്. പതിനഞ്ച് മുറികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. അനധികൃതമായി അധികം നിലകള്‍ സ്ഥാപിച്ചതാണ് സത്യനികേതനിലെ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങള്‍ക്കും അപകടകരമായ നിലയിലുള്ള കെട്ടിടങ്ങള്‍ക്കുമെതിരെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന നഗരിയിലെ വിവിധ പരിശോധനകളില്‍ നിരവധി കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.

Content Highlights: Another building collapse in Delhi leaves a child seriously injured in Anand Parbat, days after the Saty Niketan hostel tragedy that claimed seven lives

To advertise here,contact us