അമേരിക്ക-ഇറാൻ സംഘർഷം; ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 105 ഡോളറിലേക്ക് എത്തി, ഇന്ത്യയിലും ആശങ്ക

ഈ വര്‍ഷം ഇതുവരെ ബ്രെന്റ് വില ഏകദേശം 70 ശതമാനമാണ് വര്‍ധന

ന്യൂഡല്‍ഹി: അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറിലേക്ക് കുതിച്ചു. സൗദി അറേബ്യ എണ്ണ ഉല്‍പാദനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായി അറിയിച്ചതിനിടെയാണ് വില ഉയര്‍ന്നത്. പശ്ചിമേഷ്യയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷവും പ്രധാന കപ്പല്‍ഗതാഗത പാതകളിലെ തടസ്സങ്ങളുമാണ് ക്രൂഡ് വിലയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

ഈ മാസം ഇതുവരെ ബ്രെന്റ് വില 13 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഏകദേശം 70 ശതമാനമാണ് വര്‍ധന. 2009ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വളര്‍ച്ചയിലേക്കാണ് വില നീങ്ങുന്നത്. എണ്ണശേഖരം ഇതിനകം തന്നെ സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് പുതിയ വിലക്കയറ്റം. ജൂലൈയിലെ OECD ക്രൂഡ് ഓയില്‍ ശേഖരം 2.76 ബില്യണ്‍ ബാരലായിരുന്നു. ജൂണിനെ അപേക്ഷിച്ച് 9.8 ദശലക്ഷം ബാരല്‍ വര്‍ധിച്ചെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 47.9 ദശലക്ഷം ബാരല്‍ കുറവാണ്. സൗദി അറേബ്യയുടെ ഓഗസ്റ്റിലെ എണ്ണ ഉല്‍പാദനം പ്രതിദിനം 7.28 ദശലക്ഷം ബാരലായി കുറഞ്ഞു. ജൂലൈയെ അപേക്ഷിച്ച് 75,000 ബാരലിന്റെ ഇടിവാണിത്. റഷ്യയുടെ ഉല്‍പാദനവും പ്രതിമാസ അടിസ്ഥാനത്തില്‍ 160,000 ബാരല്‍ കുറഞ്ഞ് 8.72 ദശലക്ഷം ബാരലിലെത്തി. അതേസമയം, യുഎഇയുടെ ഓഗസ്റ്റ് മാസത്തെ ഉല്‍പാദനം 54,000 ബാരല്‍ വര്‍ധിച്ച് പ്രതിദിനം 3.84 ദശലക്ഷം ബാരലിലെത്തി.

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ സാമ്പത്തിക സമ്മര്‍ദ്ദവും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവും കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. എങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ ചില്ലറ വില്‍പ്പന വില ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ ക്രൂഡ് നിലവിലെ നിരക്കില്‍നിന്ന് ഇനിയും ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ മാത്രമേ ചില്ലറ വില്‍പന വിലയില്‍ അടുത്ത മാറ്റം വരുത്തുന്നത് പരിഗണിക്കുകയുള്ളൂവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

എണ്ണവിതരണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ ഹോര്‍മുസ് കടലിടുക്ക് പ്രധാന കേന്ദ്രമായി തുടരുകയാണ്. ഈ തന്ത്രപ്രധാന ജലപാതയിലൂടെയുള്ള എണ്ണ നീക്കം ദീര്‍ഘകാലത്തേക്ക് തടസ്സപ്പെട്ടാല്‍ ആഗോള എണ്ണ ലഭ്യതയിലും വിലയിലും വലിയ പ്രത്യാഘാതമുണ്ടാകാം. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: US-Iran tensions and disruptions to oil supplies have pushed Brent crude prices to $105 a barrel, increasing pressure on India’s oil import costs, though petrol and diesel prices are unlikely to rise immediately

To advertise here,contact us