ഓപ്പറേഷൻ സിന്ദൂറിലടക്കം കമാൻഡിങ് ചീഫ്; അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒയായി റിട്ട.എയർ മാർഷൽ ജീതേന്ദ്ര മിശ്ര

5000 അപേക്ഷകരുള്ള പട്ടികയില്‍ നിന്നാണ് ജീതേന്ദ്ര മിശ്രയെ സിഇഒയായി തെരഞ്ഞെടുത്തത്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ട. എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്രയെ നിയമിച്ചു. 5000 അപേക്ഷകരുള്ള പട്ടികയില്‍ നിന്നാണ് ജീതേന്ദ്ര മിശ്രയെ സിഇഒയായി നിയമിച്ചത്. അയോധ്യയിലെ ഫണ്ട് തിരിമറിക്ക് പിന്നാലെയാണ് ജീതേന്ദ്ര മിശ്രയെ നിയമിച്ചത്. അയോധ്യ ട്രസ്റ്റിലേക്ക് പുതിയ മൂന്ന് പേരെയും നിയമിച്ചിട്ടുണ്ട്. മദന്‍ മോഹന്‍ പാണ്ഡ്യ, മഹേഷ് ഭഗ്ചണ്ഡക, നിര്‍മല യാദവ് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ചീഫായി പ്രവര്‍ത്തിച്ച ജീതേന്ദ്ര മിശ്ര ഇന്ത്യന്‍ വ്യോമസേനയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1986 ഡിസംബറില്‍ വ്യോമസേനയില്‍ ഫൈറ്റര്‍ പൈലറ്റായാണ് ജീതേന്ദ്ര മിശ്ര കമ്മീഷന്‍ ചെയ്തത്. 38 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ മെയ്യില്‍ അദ്ദേഹം സേനയില്‍ നിന്ന് വിരമിച്ചു.

പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ബെംഗളൂരുവിലെ എയര്‍ഫോഴ്‌സ് ടെസ്റ്റ് പൈലറ്റ്‌സ് സ്‌കൂള്‍, അമേരിക്കയിലെ എയര്‍ കമാന്‍ഡ് സ്റ്റാഫ് കോളേജ്, യുകെയിലെ റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് എന്നിവിടങ്ങളിലാണ് ജീതേന്ദ്ര മിശ്രയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രാമക്ഷേത്രത്തിന്റെ ഭരണനിര്‍വഹണം, നടത്തിപ്പ്, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കേണ്ടത് പുതിയ സിഇഒ ആയിരിക്കും.

ക്ഷേത്രത്തിലെ ജീവനക്കാരും അധികൃതരും ഉള്‍പ്പെട്ടതായി ആരോപണമുള്ള സംഭാവനാ തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സിഇഒയെ നിയമിച്ചിരിക്കുന്നത്. സിഇഒ ഹിന്ദു മതവിശ്വാസിയായിരിക്കണമെന്നും ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുന്നയാളായിരിക്കണമെന്നും ട്രസ്റ്റ് വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ശുദ്ധ സസ്യാഹാരിയായിരിക്കണമെന്നും മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നയാളായിരിക്കണമെന്നും നിബന്ധനകളിലുണ്ട്.

Content Highlights: Retired Air Marshal Jitendra Mishra has been appointed as the first CEO of the Ayodhya Ram Temple.

To advertise here,contact us