ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് സിജെപി. തങ്ങള്‍ സാഹചര്യം നിരീക്ഷിക്കുകയാണെന്നും എന്‍ഡിഎ അല്ലെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സമാന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ന് രാത്രിക്കകം അപേക്ഷ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിജെപി മാധ്യമ വക്താവ് സൗരവ് ദാസ് പ്രതികരിച്ചു.
നീറ്റ് പരീക്ഷാക്രമക്കേടിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും പോസിറ്റീവായ നീക്കം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ സിജെപി പ്രതിനിധികള്‍ സുപ്രീംകോടതിയില്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊള്ളുന്നത് സിജെപി ഇനിയും തുടരുമെന്നും സൗരവ് ദാസ് പറഞ്ഞു.
'ഭരകൂടത്തെ നേരിടുന്ന കാര്യത്തില്‍ ഞങ്ങള്‍ അവരെ ഒറ്റയ്ക്കാക്കില്ല. ഞങ്ങളുടെ പരിശ്രമങ്ങളുടെ ഫലമായി, എന്‍ഡിഎ അല്ലെങ്കില്‍ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കാര്യങ്ങളുടെ പുരോഗതി അറിയിക്കുന്നതിനും ചര്‍ച്ചകള്‍ക്കുമായി സര്‍ക്കാര്‍ പ്രതിനിധിസംഘം എന്നെ കാണാന്‍ പുതുച്ചേരിയിലെത്തിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളും യുവാക്കളും ഒരുതരത്തിലുമുള്ള വിശ്വാസവഞ്ചനയും നേരിടുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും', സൗരവ് ദാസ് വ്യക്തമാക്കി.
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണണെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹര്‍ജി നാളെയാണ് സുപ്രീംകോടതി പരിഗണിക്കുക. ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നല്കുന്ന സവിശേഷ അധികാരം ഉപയോഗിച്ച് കേസുകള്‍ റദ്ദാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. സിജെപി ശനിയാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
Content Highlights: The Cockroach Janata Party has welcomed the central government's move to approach the Supreme Court seeking the cancellation of cases registered in connection with the party's protest