ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയില്‍ ചിക്കന്‍ കഷണങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. കൊലപാതകത്തിനു ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പ്രതി കുടുങ്ങി.
ഉത്തര്‍പ്രദേശ് സ്വദേശിയായ 30കാരനായ സീതാറാമിനെയാണ് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സീതാറാമും പ്രതിയായ അരുണ്‍ കുമാറും ഒരേ നാട്ടുകാരാണ്. ഇരുവരും മൂഡലഗിയിലെ പ്രിയ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു. ചിക്കന്‍ കഷണങ്ങള്‍ കൂടുതല്‍ കഴിച്ചുവെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. തര്‍ക്കം കടുത്തതോടെ പ്രകോപിതനായ അരുണ്‍ കുമാര്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിലേക്ക് ആഴത്തില്‍ കുത്തിയിറക്കുകയായിരുന്നു.
കുത്തിയതിനു പിന്നാലെ ഗുരുതരമായി പരിക്കേറ്റ സീതാറാമിനെ പ്രതി അരുണ്‍ കുമാര്‍ ഗോകാക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, പൊലീസിനെയും ഡോക്ടര്‍മാരെയും ഭയന്ന് ഇയാള്‍, സീതാറാം കെട്ടിടത്തിനു മുകളില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീണതാണെന്ന് അറിയിച്ചു. എന്നാല്‍, നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് കണ്ട ഡോക്ടര്‍മാര്‍ക്ക് ഇയാളുടെ വിശദീകരണത്തില്‍ കടുത്ത സംശയം തോന്നി. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അരുണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ചിക്കന്‍ കഷണങ്ങളെച്ചൊല്ലി നടന്ന കൊലപാതക വിവരം പുറത്തുവന്നത്.
ചികിത്സ നല്‍കിയെങ്കിലും ആഴത്തിലുള്ള മുറിവുകളെ തുടര്‍ന്ന് സീതാറാം മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: A dispute over chicken pieces while drinking turned fatal in Belagavi, Karnataka, after a 30-year-old man was allegedly stabbed to death by his friend, who later tried to portray the incident as an accidental fall