ഐഷിയെ കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം തുടര്‍ന്ന് പൊലീസ്; ഇന്നലെ രാത്രിയും മഫ്തിയില്‍ എത്തി

2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷിയെ കസ്റ്റഡിയിലെടുക്കാന്‍ ഇന്നലെ ഡല്‍ഹി പൊലീസ് എകെജി ഭവനിലെത്തിയത്

ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം തുടര്‍ന്ന് ഡല്‍ഹി പൊലീസ്. ഇന്നലെ രാത്രി വീണ്ടും മഫ്തിയില്‍ എകെജി ഭവന് സമീപം എത്തി. ഐഷിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം. നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎം നീക്കം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ടും പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പൊലീസ് നടപടിയും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് നീക്കം.

ഐഷിക്കെതിരായ പൊലീസ് നീക്കം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷിയെ കസ്റ്റഡിയിലെടുക്കാന്‍ ഇന്നലെ ഡല്‍ഹി പൊലീസ് എകെജി ഭവനിലെത്തിയത്. തുടര്‍ന്ന് മഫ്തിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ജോണ്‍ ബ്രിട്ടാസ് എംപി തിരിച്ചയക്കുന്ന ദൃശ്യങ്ങള്‍ ഏറെ പ്രചരിപ്പിച്ചിരുന്നു. നാടകീയ സംഭവങ്ങളായിരുന്നു എകെജി ഭവനില്‍ ഇന്നലെ അരങ്ങേറിയത്. ഐഷി ഘോഷ് എകെജി ഭവനില്‍ എത്തിയതിന് പിന്നാലെ പൊലീസും എത്തുകയായിരുന്നു. ഇതില്‍ ഒരു ഉദ്യോഗസ്ഥ യൂണിഫോം ധരിച്ചിരുന്നില്ല. ഈ സമയം ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും പൊലീസ് ഉദ്യോഗസ്ഥയോട് സംസാരിക്കുകയും ചെയ്തു. ഏത് കേസിലാണ് പൊലീസ് നടപടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പൊലീസ് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

ഉദ്യോഗസ്ഥ കേസിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ കേസിനെ കുറിച്ച് തനിക്ക് അറിയാമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഈ കേസ് പെന്‍ഡിങ്ങിലാണെന്നും എംപി ചൂണ്ടിക്കാട്ടി. ഇതിനിടെ ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാത്തത് ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യംചെയ്തു. ഹൈക്കോടതിയില്‍ പോയി മടങ്ങി വരുന്നതിനിടെ മഴ പെയ്തെന്നും മഴ നനഞ്ഞതിനെ തുടര്‍ന്നാണ് യൂണിഫോം ഒഴിവാക്കിയതെന്നുമായിരുന്നു ഉദ്യോഗസ്ഥ പറഞ്ഞത്. തുടര്‍ന്ന് യൂണിഫോം ധരിച്ചുവരാന്‍ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.

Content Highlights: Delhi Police has continued its efforts to take SFI leader Aishe Ghosh into custody. The development has drawn political attention, with supporters and opposition groups reacting to the police action linked to the protest.

To advertise here,contact us