ഡല്‍ഹി പ്രക്ഷോഭം; സമരക്കാര്‍ക്ക് നേരെ 7 തവണ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍, സഭയില്‍ ഉയര്‍ന്നേക്കും

കൊണാള്‍ട്ട് പ്ലേസ് ഭാഗത്ത് ഉണ്ടായിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥന്‍ ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നാണ് വിവരം

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് നേരെ നടന്ന പൊലീസ് നടപടിയില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ ഗുരുതര കണ്ടെത്തല്‍. സമരക്കാര്‍ക്കെതിരെ ഏഴ് തവണ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത്. അഞ്ച് തവണ പ്രതിഷേധക്കാര്‍ക്ക് പെല്ലറ്റ് ഏറ്റു എന്നും വിവരമുണ്ട്. കൊണാള്‍ട്ട് പ്ലേസ് ഭാഗത്ത് ഉണ്ടായിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥന്‍ ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നാണ് വിവരം. രണ്ട് റൗണ്ട് പെല്ലറ്റ് നിലത്ത് പതിച്ചു. എന്നാല്‍ സമരക്കാര്‍ കല്ലെറിഞ്ഞപ്പോഴാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നും കണ്ടെത്തലിന്റെ ഭാഗമായി വിശദീകരിക്കുന്നുണ്ട്. സിആര്‍പിഎഫിന്റെ പ്രാഥമിക അന്വോഷണത്തിലാണ് കണ്ടെത്തല്‍. പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ വിശദമായ അന്വേഷണത്തിന് സിആര്‍പിഎഫ് നീക്കം നടത്തുന്നുമുണ്ട്.

ഇന്ന് പാര്‍ലമെന്റ് ചേരുമ്പോള്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ഗുരുഗാവില്‍ ജോലി ചെയ്യുന്ന 25 വയസുകാരന്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ 19കാരന്‍ സഹില്‍, 25 വയസുള്ള ഔട്ട് ലുക്ക് മാഗസിനിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റിരുന്നത്. പെല്ലറ്റ് ഏറ്റ വിദ്യാര്‍ത്ഥിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം അടക്കം നടത്തിയിരുന്നു. പിന്നാലെ വലിയ തോതില്‍ വിഷയം ചര്‍ച്ചയായി. ആദ്യം സംഭവം ബന്ധപ്പെട്ടവര്‍ നിഷേധിച്ചിരുന്നെങ്കിലും പിന്നാലെ ലോഗ് ബുക്ക് പരിശോധിച്ചതില്‍ നിന്നാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിത്. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ തിരിയാനാണ് പ്രതിപക്ഷ നീക്കം. പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയുന്നതിനായുള്ള ബില്ല് അടക്കം ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് വഴങ്ങുമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം ശക്തമായി ഉയര്‍ത്താനാണ് തീരുമാനം.

അതേസമയം ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് ആക്രമണത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ ലാത്തി ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. രാജ്യ വ്യാപക പ്രതിഷേധങ്ങളിലെ പൊലീസ് നടപടി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. നീറ്റ് പീക്ഷാ പരിഷ്‌കരണ ഹര്‍ജികളില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടിയും നല്‍കും. ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ ശങ്കര്‍നാരയണന്‍, ശ്യാം ദിവാന്‍ എന്നിവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. പ്രതിഷേധം ഉയര്‍ത്തിയ വിദ്യാര്‍ത്ഥിനികളെ പുരുഷ പൊലീസ് മര്‍ദിച്ചു, പെല്ലറ്റ് ഗണ്‍ അടക്കമുള്ളവ ഉപയോഗിച്ച് ഭീകരമായി ആക്രമിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളും ഹര്‍ജിയില്‍ ഉണ്ട്. മുമ്പ് ഹര്‍ജികള്‍ പിഗണിക്കണമെന്നും സമരക്കാര്‍ തന്നെ പുറത്തു വിട്ട വീഡിയോകള്‍ കാണണമെന്നും പറഞ്ഞപ്പോള്‍ തനിക്ക് അതിന് സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ കൃത്യമായ ഹര്‍ജി ഇല്ലാത്തതിനാലാണ് താന്‍ അത് പരിഗണിക്കാതിരുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകമാകും.

Content Highlights: A preliminary CRPF probe has revealed that Rapid Action Force personnel used pellet rounds seven times during the Delhi protest over the NEET paper leak. The report states that protesters were hit on five occasions, while a detailed investigation into the use of force is underway.

To advertise here,contact us