ന്യൂഡല്‍ഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമം വിവരിച്ച് 25കാരൻ. ബിഹാര്‍ സ്വദേശിയായ പ്രശാന്ത് സിങാണ് പൊലീസ് അതിക്രമം വിവരിച്ച് രംഗത്തെത്തിയത്. കണ്ണീര് വാതക പ്രയോഗത്തിനിടെയായിരുന്നു പൊലീസിന്റെ പെല്ലറ്റ് പോലെയുള്ള വസ്തുകൊണ്ടുള്ള ആക്രമണം നടന്നതെന്ന് പ്രശാന്ത് സിങ് പറഞ്ഞു. പിന്നീട് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് അത് പെല്ലറ്റ് ആക്രമണമാണെന്ന് മനസിലായതെന്നും പ്രശാന്ത് സിങ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു പ്രശാന്ത് സിങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അംബേദ്ക്കര്‍ സര്‍വകലാശാലയിലെ ലിബറല്‍ ആര്‍ട്ട്സ് മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു പ്രശാന്ത് സിങ്. നിലവിൽ ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ആർട്ടിസ്റ്റ് അസിസ്റ്റാൻ്റായി ജോലി നോക്കുകയാണ്. പൊലീസ് ആക്രമണത്തില്‍ പ്രശാന്ത് സിങിന് സാരമായി പരിക്കേറ്റിരുന്നു. പ്രശാന്തിന്റെ വലത് കൈയിലും നെഞ്ചിലും അടക്കമായിരുന്നു പെല്ലറ്റുകള്‍ തറച്ചത്. സാരമായി പരിക്കേറ്റ പ്രശാന്തിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശാന്തിന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത് ആശുപത്രി രേഖകളില്‍ വ്യക്തമാണ്.
സിജെപിയുടെ സമരങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ വീക്ഷിച്ചിരുന്നതായി പ്രശാന്ത് സിങ് പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂലൈ 20ന് സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജന്തര്‍ മന്തറില്‍ എത്തിയത്. വൈകിട്ട് നാല് മണിയായിട്ടുണ്ടാകും. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിയും പ്രയോഗിച്ചു. താനും സുഹൃത്തുക്കളും ഒരു കൂട്ടം വിദ്യാര്‍ത്ഥികളും പാലിക ബസാര്‍ മേഖലയിലേക്ക് പോയി. ഈ സമയം അവിടെ ചില വിദ്യാര്‍ത്ഥികളെ പൊലീസ് വളഞ്ഞിരുന്നു. അവിടെയും പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഇത് കണ്ടതോടെ താന്‍ അവിടെ നിന്ന് ഓടി മാറാന്‍ ശ്രമിച്ചു. ഇതിനിടെയായിരുന്നു പൊലീസിന്റെ ആക്രമണമുണ്ടായതെന്ന് പ്രശാന്ത് പറഞ്ഞു.
പെല്ലറ്റ് പോലെയുള്ള വസ്തു കൈയില്‍ തുളച്ചുകയറി. ഒരു നിമിഷം തന്റെ കൈ നഷ്ടപ്പെട്ടതായി തോന്നി. സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ ലേഡി ഹാര്‍ഡിന്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ പരിക്ക് ഭേദമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വീട്ടില്‍ എത്തിയ ശേഷം താനും സുഹൃത്തുക്കളും ചേര്‍ന്ന് തനിക്കേറ്റ പരിക്ക് സംബന്ധിച്ച് ഓണ്‍ലൈനില്‍ പരിശോധിച്ചു. അപ്പോഴാണ് അത് പെല്ലറ്റ് ആക്രമണമാണെന്ന് മനസിലായത്. ആശുപത്രി രേഖകളിലും പെല്ലറ്റ് കൊണ്ടുള്ള പരിക്കാണെന്ന് എഴുതിയിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
തനിക്ക് സംഭവിച്ചതിനെ കുറിച്ച് വീട്ടുകാരോട് പറഞ്ഞിട്ടില്ല. അവര്‍ ഭയപ്പെടും എന്നതുകൊണ്ടാണ് അവരോട് കാര്യം പറയാതിരുന്നതെന്നും പ്രശാന്ത് പറഞ്ഞു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ആക്രമണം നടത്തിയില്ലെന്നാണ് പൊലീസിന്റെ വാദം. ഇത് തള്ളുന്നതാണ് ആശുപത്രി രേഖകളും പ്രശാന്തിൻ്റെ പ്രതികരണവും.
Content Highlights- A 25-year-old injured during the Jantar Mantar protest alleged that police used pellet rounds during the action