ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ നേരിട്ട പൊലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാര്‍ത്താ സമ്മേളനത്തിന് മുന്നോടിയായാണ് രാഹുല്‍ വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ് ചെയ്യുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും എന്താണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വലിയ സമ്മര്‍ദത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തകര്‍ന്നു. 152 ചോദ്യപേപ്പര്‍ ചോര്‍ച്ച കഴിഞ്ഞ 10 വര്‍ഷത്തില്‍ നടന്നു. 7.5 കോടി കുട്ടികളെ ഇത് ബാധിച്ചു. ഒരാളെയും ശിക്ഷിച്ചില്ല. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്നു. ഇതാണ് യുവാക്കള്‍ പ്രതിഷേധിക്കാന്‍ കാരണം', രാഹുല്‍ ഗാന്ധി പറഞ്ഞു.
മധ്യവര്‍ഗ, ദരിദ്രകുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അവരുടെ കുട്ടികളാണ് ഇരകളെന്നും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1.32 ലക്ഷം കോടിയാണ് ഒരു വര്‍ഷം നീറ്റ് തയ്യാറെടുപ്പിന് രാജ്യത്തെ കുട്ടികള്‍ ചെലവാക്കുന്നത്. 1.4 ലക്ഷം കോടിയാണ് രാജ്യത്തിന്റെ വിദ്യാഭ്യാസ ബജറ്റ്. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഭാവി ഇല്ല. സര്‍ക്കാര്‍ ജോലി മാത്രമാണ് യുവാക്കള്‍ക്ക് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
'യുവാക്കള്‍ക്ക് ചില ആവശ്യങ്ങള്‍ ഉണ്ട്. പരാജയപ്പെട്ട മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വെക്കണം. രാജി 100 ശതമാനം ന്യായമായ ആവശ്യമാണ്. യുവാക്കളെ അക്രമിക്കാന്‍ ഉത്തരവ് ഇട്ടവര്‍ക്ക് എതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണം. യുവാക്കളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. കുട്ടികളുടെ പ്രതിഷേധത്തോട് 100 ശതമാനം യോജിപ്പാണ്. ജോലി നല്കാന് സാധ്യതയുള്ള മേഖലകളെല്ലാം തകര്‍ന്നു. ഇത് വിദ്യാര്‍ഥികളുടെ തെറ്റല്ല. വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ നിര്‍ദേശം നല്കിയവര്ക്കും അതിക്രമം നടത്തിയവര്‍ക്കും എതിരെ നടപടി വേണം. തെരുവില്‍ പ്രതിഷേധിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ നല്കുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഭീകരവാദികള്‍ അല്ലെന്നും രാജ്യത്തിന്റെ ഭാവിയാണെന്നും അദ്ദേഹം പറഞ്ഞു. അവരെയാണ് ആക്രമിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കപ്പെടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ രണ്ട് ശക്തികളുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്ന് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വിഷയത്തില്‍ കേന്ദ്രീകരിച്ച് നില്‍ക്കുന്നവരും മറ്റൊന്ന് അതിനെ വഴിതിരിച്ച് വിടുന്നവരുമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. 'ഒരു ഭാഗത്ത് വിദ്യാര്‍ത്ഥികളും അവരുടെ ഭാവിയുമാണുള്ളത്. അവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ സംസാരിക്കണം. വിദ്യാഭ്യാസ സമ്പ്രദായം, പേപ്പര്‍ ചോര്‍ച്ച, തിങ്കളാഴ്ച അവര്‍ നേരിട്ട അക്രമം തുടങ്ങിയ പ്രശ്നങ്ങള്‍ സംസാരിക്കേണ്ടതുണ്ട്. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവരുടെ ആവശ്യം. മൊത്തം പ്രതിപക്ഷത്തിനും അതാണ് ആവശ്യം', രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തെ കുറിച്ചും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തന്നെ പൊലീസ് കൈകാര്യം ചെയ്ത രീതി പ്രധാനമല്ലെന്നും പ്രശ്നം വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ചയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ എന്തു വേണമെങ്കിലും ചെയ്തോളൂവെന്നും സര്‍ക്കാരിന്റെ വിമര്‍ശനങ്ങള്‍ കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ടു. സ്പീക്കര്‍ സര്‍ക്കാരിനോട് ചോദിക്കാം എന്ന് പറഞ്ഞു. സ്പീക്കറുടെ തീരുമാനം അല്ല സര്‍ക്കാരിന്റെ തീരുമാനമെന്നും വിഷയത്തെ അവഗണിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'ധര്‍മേന്ദ്ര പ്രധാനെ മാറ്റിയേ പറ്റൂ. അതുകൊണ്ടാണ് ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പോയത്. സര്‍ക്കാര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നു. ധര്‍മേന്ദ്ര പ്രധാന് ഒരു പ്രതീകമാണ്, വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തിന്റെ പ്രതീകം. ചോദ്യ പേപ്പര്‍ ചോര്‍ച്ചയും മന്ത്രിയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. അയാളുടെ പശ്ചാത്തലം ഞങ്ങള്‍ക്ക് അറിയാം. പ്രധാന്റെ രാജിക്കും മോദിയുടെ മാപ്പിനും ശേഷം സംവിധാനം ഉടച്ചുവാര്‍ക്കണം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍ ചെവിയില്‍ പറഞ്ഞത് സര്‍ക്കാരിനെ താഴെ ഇറക്കണം എന്നാണെന്നും എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോള്‍ നടക്കുന്നതിനോട് യോജിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: Ahead of a press conference, Lok Sabha Leader of the Opposition Rahul Gandhi displayed video footage that he said showed police action against students at Jantar Mantar