സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ച; സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

'വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ശക്തമായ പ്രതികരണമല്ലായിരുന്നു'

ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്ചകൾ കണ്ണൂർ ജില്ലാ കമ്മിറ്റി അവലോകന റിപ്പോർട്ടിൽ സ്വയം വിമർശനാത്മകമായി അംഗീകരിച്ചിട്ടുണ്ട്. 'ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകുന്ന ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചു എന്നാണ് അവലോകന റിപ്പോർട്ടിലെ പരാമർശം. ഈ തീരുമാനങ്ങളിൽ പങ്കാളികളായ സംസ്ഥാന കമ്മിറ്റിയുടെ ഉന്നത നേതൃത്വം അവയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ കൃത്യമായി വിലയിരുത്തുന്നതിലും സമയബന്ധിതമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പരാജയപ്പെട്ടു. അതിനാൽ, ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർ‌ണ്ണയത്തിലും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവർക്കുള്ള മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും ഉണ്ടായ വീഴ്ചകൾക്ക് ജില്ലാ കമ്മിറ്റികളെ മാത്രം ഉത്തരവാദികളാക്കാനാവില്ലെന്നും ഈ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കേണ്ടതാ'ണെന്നുമാണ് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ശക്തമായ പ്രതികരണമല്ലായിരുന്നുവെന്ന് അവലോകന റിപ്പോർട്ട് സ്വയം വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തിൽ പാർട്ടിയിലെ ചില നേതാക്കൾ നടത്തിയ പ്രസ്താവനകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ കൂടുതൽ അകൽച്ചയ്ക്ക് കാരണമായി. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കാൻ ഈ വീഴ്ചകളെല്ലാം എതിരാളികൾക്ക് അവസരമൊരുക്കിയെന്നും അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തെ കൈകാര്യം ചെയ്ത രീതിയും ഇത്തരമൊരു പ്രതീതി രൂപപ്പെടാൻ കാരണമായതായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. 'തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് സിപിഐ പിഎം ശ്രീ വിഷയത്തിൽ വിവാദം ഉയർത്തിയത്. ഇതിലൂടെ ബിജെപിയുമായി ഒരു അന്തർധാരാ ധാരണയുണ്ടെന്ന യുഡിഎഫിന്റെ പ്രചാരണത്തിന് ശക്തി ലഭിച്ചു. ഈ വിഷയത്തിൽ വേണ്ടത്ര ചർച്ചകൾ നടത്തി തീരുമാനമെടുക്കുന്നതിൽ ഉണ്ടായ വീഴ്ചയും ഇത്തരം പ്രശ്നം രൂപപ്പെടാൻ ഇടയാക്കി.ഇത്തരം വിഷയങ്ങളിൽ എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നത് അത്യന്താപേക്ഷിതമാണെന്നും' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'ബിജെപിയുമായി സിപിഐഎം രഹസ്യ ധാരണയിലെത്തിയെന്ന കോൺഗ്രസിന്റെ സംഘടിത പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അതുപോലെ, ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും എസ്ഐആർ വിഷയം ഉയർത്തി ബിജെപിയുമായി എൽഡിഎഫിനും പാർട്ടിക്കും ധാരണയുണ്ടെന്ന തരത്തിലുള്ള തെറ്റായ പ്രചാരണം നടത്തി. ഇത് ന്യൂനപക്ഷ വോട്ടർമാരുടെ ഒരു വിഭാഗത്തിൽ പ്രതികൂല സ്വാധീനം ചെലുത്തിയെന്നും' അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശബരിമല സ്വർ‌ണ്ണക്കടത്ത് കേസിൽ സ്വീകരിച്ച നടപടി സംബന്ധിച്ചും അവലോകന റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്. 'സ്വർണക്കടത്ത് കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹം ജയിലിലായിരുന്നതിനാൽ വിശദീകരണം തേടി നടപടിയെടുക്കുന്നതിൽ ചില പ്രായോഗിക പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, അടിയന്തര സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയെടുക്കാതിരുന്നത് നമ്മുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് എന്നാണ് അവലോകന റിപ്പോർട്ടിൽ പറയുന്നത്. പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി പരിഗണിക്കണമെന്ന് പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം കേരള സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. സമയോചിതമായി അച്ചടക്കനടപടി സ്വീകരിച്ചിരുന്നുവെങ്കിൽ സംഭവത്തിൽനിന്ന് ഉണ്ടായ രാഷ്ട്രീയ നഷ്ടത്തിന്റെ ഒരു ഭാഗമെങ്കിലും ഒഴിവാക്കാനാകുമായിരുന്നുവെന്നും' അവലോകന റിപ്പോർട്ടിൽ പരാമർശമുണ്ട്.

ആ​ഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ച സംഭവം ഒഴിവാക്കാമായിരുന്നുവെന്നും അവലോകന റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. 'കടുത്ത ഹിന്ദുത്വ നിലപാടുകൾക്ക് പേരുകേട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ഒരു മന്ത്രി പൊതുവേദിയിൽ വായിച്ചത് പാർട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചു. 'പരിപാടി ദേവസ്വം ബോർഡാണ് സംഘടിപ്പിച്ചതെങ്കിലും, ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വാങ്ങിയതും അത് ഒരു പാർട്ടി മന്ത്രി വായിക്കാൻ സമ്മതിച്ചതും ആശയക്കുഴപ്പം സൃഷ്ടിച്ച നടപടിയായിരുന്നു. ഇത്തരം നടപടി ഹിന്ദുത്വ വർഗീയ ശക്തികളോടുള്ള പാർട്ടിയുടെ സമീപനം മൃദുവാണെന്ന തെറ്റായ സന്ദേശം ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചു'വെന്നും അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: The CPIM Central Committee acknowledged lapses in candidate selection and said the state leadership also shares responsibility for the shortcomings in the selection process.

To advertise here,contact us