ന്യൂഡിൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കളുമായുള്ള അനുനയ നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് ജിതേന്ദ്ര സിംഗിൻ്റെ പ്രതികരണം. 'കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം സമരക്കാരുമായി സംസാരിച്ചു. പാർലമെന്റിൽ എല്ലാ വിഷയത്തിലും ചർച്ചയാകാമെന്ന് നേരിട്ട് ഉറപ്പ് നൽകി. ആദ്യം ചർച്ചയാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോൾ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെടുന്നു. ഈ വാക്കുമാറ്റം നല്ലതല്ലെന്നാ'ണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തിയിരിക്കുന്നത്.
ധർണ നടന്നുകൊണ്ടിരുന്ന സ്ഥലം പ്രതിഷേധങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതല്ലെന്നും, അവിടെ പ്രതിഷേധം തുടരുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കണമെന്ന് ശ്രീ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചുവെന്നും കുറിപ്പിൽ ജിതേന്ദ്ര സിംഗ് വിശദീകരിക്കുന്നുണ്ട്. 'അൽപസമയം മുമ്പ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖർഗെയും, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കളായ ശ്രീ രാഹുൽ ഗാന്ധി, ശ്രീമതി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരും അനുയായികളോടൊപ്പം അക്ബർ റോഡിന് സമീപമുള്ള ഒരു സ്ഥലത്ത് പെട്ടെന്ന് ധർണ ആരംഭിച്ചതായി വിവരം ലഭിച്ചു. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളുടെ ഈ സംഘത്തിന്റെ സ്ഥാനവും ഗൗരവവും പരിഗണിച്ച്, കേന്ദ്ര സർക്കാർ എന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ ശ്രീ ഗോവിന്ദ് മോഹനെയും വ്യക്തിപരമായി സ്ഥലത്തേക്ക് അയച്ച് നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചു.ധർണ നടന്നുകൊണ്ടിരുന്ന സ്ഥലം പ്രതിഷേധങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതല്ലെന്നും, അവിടെ പ്രതിഷേധം തുടരുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കണമെന്ന് ശ്രീ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു' എന്നാണ് ജിതേന്ദ്ര സിംഗ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്.
'നീറ്റ് (NEET) വിഷയവും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഉറപ്പ് നൽകിയാൽ ധർണ ഉടൻ അവസാനിപ്പിക്കാമെന്ന് ശ്രീ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തുടർന്ന്, സർക്കാരിന്റെ ഉന്നത നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷം, നീറ്റ് വിഷയവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന ഉറപ്പ് രാഹുൽ ഗാന്ധിക്ക് നൽകി'യെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കുന്നുണ്ട്. ഈ ഉറപ്പ് അറിയിച്ചപ്പോൾ പാർലമെന്റിൽ ചർച്ച നടത്തുക മാത്രമല്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമുള്ള പുതിയ ആവശ്യം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചുവെന്നും ജിതേന്ദ്ര സിംഗ് വെളിപ്പെടുത്തി. ഇപ്പോൾ തന്റെ ആവശ്യങ്ങൾ രണ്ടാണെന്നും—പാർലമെന്റിൽ ചർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും—അദ്ദേഹം വ്യക്തമാക്കിയെന്നും ജിതേന്ദ്ര സിംഗ് എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന് മുമ്പ് അദ്ദേഹം ഉന്നയിച്ച ഏക ആവശ്യം പാർലമെന്റിൽ ചർച്ച നടത്തുക എന്നതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോൾ തന്റെ ആവശ്യങ്ങൾ മാറിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടിയെന്നും ജിതേന്ദ്ര സിംഗ് കുറിച്ചിട്ടുണ്ട്.
ഇത്ര പെട്ടെന്ന് സ്വന്തം നിലപാട് മാറ്റുന്നത് അദ്ദേഹത്തെപ്പോലുള്ള ഒരു മുതിർന്ന നേതാവിന് യോജിച്ചതല്ലെന്ന് വിനയപൂർവം ചൂണ്ടിക്കാട്ടിയപ്പോൾ അത് തന്റെ അവകാശമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണമെന്നും ജിതേന്ദ്ര സിംഗ് വെളിപ്പെടുത്തി. ധർണ നടക്കുന്ന സ്ഥലം പ്രതിഷേധത്തിന് അനുയോജ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരിക്കാൻ ശ്രമിച്ചപ്പോഴും, തനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടിയെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവും മുതിർന്ന രാഷ്ട്രീയ നേതാവുമായ രാഹുൽ ഗാന്ധി സ്വന്തം വാക്കിൽ നിന്ന് പിന്മാറിയത് ദൗർഭാഗ്യകരമാണെന്നും അത് ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധമാണെന്നും ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തി. നീറ്റ് വിഷയവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ പൂർണ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ചട്ടപ്രകാരം കോൺഗ്രസ് പാർട്ടി ഇതുവരെ ഔപചാരിക നോട്ടീസ് നൽകിയിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ ഈ സമീപനം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും പാർലമെന്ററി പാരമ്പര്യങ്ങൾക്കും അനുസൃതമല്ലെന്നും ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തി.
Content Highlights: Union Minister Jitendra Singh accused Rahul Gandhi over the protest held near the Prime Minister's residence, alleging the demonstration violated democratic norms and raised concerns over political conduct.