ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പവന് ഖേര. ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് സിജെപിയുടെ സമര പന്തലില്‍ എത്തുന്നത്. സോനം വാങ്ചുക്കിന്റെ നിരാഹാര സമര വിഷയത്തില്‍ സോണിയ ഗാന്ധി ഇടപെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
സമരപന്തല്‍ സന്ദര്‍ശിച്ച പവന് ഖേര സോനം വാങ്ചുക്കിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് പറഞ്ഞു. ജനാധിപത്യ പ്രതിഷേധത്തിന്റെ ഭാഷ മനസ്സിലാകാത്ത സര്‍ക്കാരാണ് അധികാരത്തിലെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികളെ കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള് രംഗത്ത് വന്നിരുന്നു. അടുത്ത വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹത്തെ നിയമിക്കണെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി വാങ്ചുക്ക് എന്ന സാമൂഹ്യ പ്രവര്ത്തകന് തന്റെ ജീവന് പോലും അപകടത്തിലാക്കുകയാണ്. അതിനാല്‍ ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കൂ, സോനം വാങ്ചൂക്കിനെ ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കൂ എന്നായിരുന്നു കെജ്രിവാളിൻ്റെ ആഹ്വാനം.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ സോനം വാങ്ചുക്ക് നടത്തുന്ന സമരം 20-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യം മോശമായ സാഹചര്യത്തിലാണെങ്കിലും ധര്‍മ്മേന്ദ്ര പ്രധാന് രാജിവെയ്ക്കാതെ നിരാഹര സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വാങ്ചുക്ക്. ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ എല്ലാവരും അണിനിരക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു. തന്നോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പറയുന്നതിന് പകരം എല്ലാവരും ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരക്കണമെന്നാണ് വാങ്ചുക്ക് പറഞ്ഞത്.
Content Highlights: Congress leader Pawan Khera visited Sonam Wangchuk, who is staging a hunger strike at Jantar Mantar demanding the resignation of Union Education Minister Dharmendra Pradhan