പാഞ്ഞടുത്ത് ട്രെയിൻ;മുന്നിൽപ്പെട്ട മധ്യവയസ്‌കനെ സ്വന്തം ജീവൻ വകവെയ്ക്കാതെ രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ് കീപ്പര്‍. തമിഴ്‌നാട്ടിലെ സിര്‍ക്കഴിക്ക് സമീപമാണ് സംഭവം. സ്വന്തം ജീവൻപോലും വകവെയ്ക്കാതെയാണ് ഗേറ്റ് കീപ്പർ മധ്യവയസ്കനെ രക്ഷിച്ചത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഖാര്‍ കെ കലേഷ് എന്നയാളാണ് വീഡിയോ എക്സിലൂടെ പങ്കുവെച്ചത്. റെയിൽവേ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു ഗേറ്റ് കീപ്പർ. ഇതിനിടെ ട്രെയിൻ വരികയും മധ്യവയസ്കൻ ഇതിന് മുന്നിൽപ്പെടുകയുമായിരുന്നു. സംഭവം കണ്ട ഗേറ്റ് കീപ്പർ ഓടിയെത്തി ഇദ്ദേഹത്തെ പിടിച്ചുമാറ്റി.

തൊട്ടുപിന്നാലെ ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോയി. തലനാരിഴയ്ക്കാണ് മധ്യവയസ്കൻ രക്ഷപ്പെട്ടത്.

ഗേറ്റ്കീപ്പറുടെ ധൈര്യത്തെയും അവസരോചിതമായ ഇടപെടലിനേയും പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. 'ബഹുമാനം, രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് ഗേറ്റ് കീപ്പർ ഒരു അപരിചിതന്റെ ജീവന്‍ രക്ഷിച്ചത്. അദ്ദേഹം ഒരു യഥാര്‍ത്ഥ ഹീറോയാണ്. സല്യൂട്ട് ' എന്നായിരുന്നു ഒരാൾ കമൻ്റ് ചെയ്തത്. ഇത്തരം ധീരതകള്‍ക്ക് ഔദ്യോഗിക അംഗീകാരം അര്‍ഹിക്കുന്നുവെന്നും അവാര്‍ഡ് നല്‍കണം എന്നുമായിരുന്നു മറ്റൊരാൾ പറഞ്ഞത്.

Content Highlights: Railway Gatekeeper Saves Youth From Speeding Train Near Sirkazhi in Tamil Nadu

To advertise here,contact us