റാമ്പന്: ജീവനക്കാരുടെ അനാസ്ഥയില്‍ ക്ലാസ് മുറിയില്‍ കുടുങ്ങി ഏഴാം ക്ലാസുകാരന്. ജമ്മു കശ്മീരിലെ റാമ്പന് ജില്ലയിലാണ് സംഭവം. മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. ഏഴാം ക്ലാസുകാരനായ കുട്ടി ക്ലാസ് മുറിയില്‍ കിടന്ന് ഉറങ്ങുകയും, ഇത് അറിയാതെ ജീവനക്കാര്‍ സ്കൂള്‍ അടച്ച് പോവുകയുമായിരുന്നു. 15 ദിവസത്തെ വേനല്‍ അവധിക്കായാണ് സ്കൂള്‍ അടച്ചത്. സംഭവം പുറത്തുവന്നതോടെ സ്കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ബനിഹാളിലെ കര്‍വ വിദ്യാഭ്യാസ മേഖലയ്ക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്കൂളില്‍ ജൂലൈ നാലിനായിരുന്നു സംഭവം. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒറ്റക്കായിരുന്നുവെന്നും തുടര്‍ന്ന് ഉറക്കെ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നും കുട്ടി പറയുന്നു. രാത്രി എട്ട് മണിയോടെ സ്കൂളിനടുത്ത് കൂടി പോയ പ്രദേശവാസി കുട്ടിയുടെ കരച്ചില് കേള്‍ക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്ഷീണിതനായ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിന്റെ ഉള്‍പ്പടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ സ്കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്യുന്നതായി അറിയിച്ച് മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവ് പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും മേല്‍നോട്ടവും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര അനാസ്ഥയാണുണ്ടായതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അന്വേഷണത്തിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Content Highlights: Class 7 Student Locked Inside Jammu Kashmir School For Hours; Staff Suspended