ഹെഡ്‌ലൈറ്റ് കേടായതോടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ചു; കർണാടകയിൽ ബസ് ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ

കണ്ടക്ടര്‍ മൊബൈല്‍ ഫോണ്‍ ലൈറ്റ് പിടിച്ചുകൊടുക്കുകയായിരുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ സാഹസികമായി ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കലബുറഗില്‍ കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസിലായിരുന്നു സംഭവം. രാത്രി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ കേടായതോടെ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് വെളിച്ചത്തില്‍ ഡ്രൈവര്‍ ബസ് ഓടിക്കുകയായിരുന്നു. കലബുറഗിയില്‍ നിന്ന് ചിഞ്ചോളിയിലേക്കാണ് സാഹസിക യാത്ര നടത്തിയത്. കണ്ടക്ടര്‍ മൊബൈല്‍ ഫോണ്‍ ലൈറ്റ് പിടിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടിയെടുത്തു. ഡ്രൈവറെയും മെക്കാനിക്കിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വാഹനം യഥാക്രമം പരിശോധിക്കാതിരുന്നതിനാണ് ഡ്രൈവര്‍ക്കും മെക്കാനിക്കിനുമെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഭരണകൂടത്തിന്റെ വീഴ്ച മൂലമാണ് ഡ്രൈവര്‍ക്ക് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കി വാഹനം ഓടിക്കേണ്ടിവന്നതെന്ന് ജെഡിഎസ് ആരോപിച്ചു.

ആരോഗ്യം, റോഡ്, മെട്രോ, ബസ്, മാലിന്യ ശേഖരണം തുടങ്ങിയവയ്ക്കായി കര്‍ണാടകയിലെ ജനങ്ങള്‍ ഉയര്‍ന്ന നികുതിയാണ് നല്‍കുന്നതെന്നും പകരം അവര്‍ക്ക് ലഭിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും മോശം അടിസ്ഥാന സൗകര്യങ്ങളും ഹെഡ്‌ലൈറ്റുകളില്ലാത്ത ബസുകളും അഴിമതിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആഭ്യന്തര കലഹവും മാത്രമാണെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

Content Highlights: Following a viral video of a KKRTC bus being driven in total darkness using a mobile phone flashlight, authorities have suspended the driver, mechanical supervisor, and mechanic in Kalaburagi.

To advertise here,contact us