രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ട്രസ്റ്റിലെ രാജിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് ചമ്പത്ത് റായ്

എക്‌സില്‍ പോസ്റ്റ് ചെയ്ത കയ്യെഴുത്ത് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ കൊള്ളയില്‍ ഒടുവില്‍ പ്രതികരിച്ച് രാമ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായ്. താന്‍ ഇതുവരെ പ്രതികരിക്കാതിരുന്നത് ട്രസ്റ്റിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് വിശദീകരണം. എക്‌സില്‍ പോസ്റ്റ് ചെയ്ത കയ്യെഴുത്ത് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദിയിലായിരുന്നു കുറിപ്പ്.

രാമക്ഷേത്രത്തില്‍ സംഭാവന എണ്ണുന്നതിനിടെ നടന്ന മോഷണത്തെ കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ ജൂണ്‍ 6 മുതല്‍ പ്രചരിച്ചിരുന്നു. തനിക്കെതിരെ വ്യക്തിപരമായ ധാരാളം ആരോപണങ്ങളുമുണ്ടായി. എന്നാന്‍ താന്‍ ഒന്നിനും പ്രതികരിക്കാതിരുന്നത് ട്രസ്റ്റ് നിര്‍ദേശ പ്രകാരമായിരുന്നു. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പൊതു ജനങ്ങള്‍ക്കും ലഭിക്കും എന്നായിരുന്നു ചമ്പത്ത് റായിയുടെ എക്‌സ് പോസ്റ്റിന്റെ ഉള്ളടക്കം.

എസ്‌ഐടിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ താന്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. പ്രചരിപ്പിക്കപ്പെട്ട തെറ്റായ വിവരങ്ങള്‍ക്ക് അപ്പോള്‍ ഉത്തരമാകും. സത്യം അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും ചമ്പത്ത് റായിയുടെ പോസ്റ്റിലുണ്ട്. താന്‍ 1991 ഒക്ടോബര്‍ മുതല്‍ തന്റെ സംഘടനയിലൂടെ രാമക്ഷേത്രത്തിന് വേണ്ടി സേവനമനുഷ്ഠിക്കുകയാണ്. തന്റെ 45 വര്‍ഷത്തെ പൊതു ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണെന്നും സത്യത്തിന് മുന്നില്‍ മാത്രം ബഹുമാനപൂര്‍വം തലകുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് അയോധ്യ രാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റില്‍ നിന്ന് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് രാജിവെച്ചത്. ട്രസ്റ്റ് യോഗമാണ് ചമ്പത്ത് റായ്, അനില്‍ മിശ്ര എന്നിവരുടെ രാജി സ്വീകരിച്ചത്.കൃഷ്ണ മോഹന്‍ ഇടക്കാല ജനറല്‍ സെക്രട്ടറിയാകും. രാമക്ഷേത്ര സംഭാവന കൊള്ള കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്തി എന്നാണ് അയോധ്യയില്‍ ഇന്ന് ചേര്‍ന്ന ക്ഷേത്ര ട്രസ്റ്റ് യോഗം വിലയിരുത്തിയത്. പിന്നാലെ മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്, അംഗം അനില്‍ മിശ്ര എന്നിവരുടെ രാജി ട്രസ്റ്റ് യോഗം സ്വീകരിച്ചത്. ആകെയുള്ള ട്രസ്റ്റ് അംഗങ്ങളില്‍ ഒന്‍പത് പേരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സാധനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ഗിരി അറിയിച്ചിരുന്നു.

അതിനിടെ അയോധ്യ രാമക്ഷേത്ര കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 5 വരെയുള്ള സിസിടിവി ദൃശ്യങ്ങളില്‍ എഴുപത് തവണ പ്രതികള്‍ പണമടക്കം മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 27ന് മുമ്പുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ എസ്ഐടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ചമ്പത് റായിയും അനില്‍ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആരുമറിയാതെ എങ്ങനെയാണ് മോഷ്ടാക്കള്‍ തട്ടിപ്പ് നടത്തിയത് എന്നതിന്റെ വ്യക്തമായ വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Content Highlights: Former Ram Temple Trust General Secretary Champat Rai has responded publicly to the Ayodhya Ram Temple donation case for the first time. In a handwritten note shared on X, he said he had remained silent on the matter until now in accordance with the trust's instructions, offering his explanation amid the ongoing controversy.

To advertise here,contact us