'ലൈംഗികാതിക്രമ ആരോപണം നേരിടുന്നവര്‍ക്ക് ഇനിയും വേദി ഒരുക്കണോ'; തമിഴ്‌നാട് സര്‍ക്കാരിനെതിരെ ചിന്മയി

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖം റാപ്പര്‍ വേടനുമായി നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ

ചെന്നൈ: തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖം റാപ്പര്‍ വേടനുമായി നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ. എക്‌സിലൂടെയാണ് വിമര്‍ശനം. ഗുരുതര ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് മുന്‍ സര്‍ക്കാരുകള്‍ വേദിയൊരുക്കിയതുപോലെ ടിവികെ സര്‍ക്കാരും രാജ്‌മോഹനും ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിന്മയി കുറിച്ചു. വേടനുമായി രാജ്‌മോഹന്‍ അറുമുഖം കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രവും ഗായിക പങ്കുവെച്ചിട്ടുണ്ട്.

'കൊവിഡ് കാലത്ത് എന്നെയും ഗോവിന്ദ് വസന്ത, മുഹ്‌സിന്‍ പെരാരി, വേടന്‍ എന്നിവരെയും ഉള്‍പ്പെടുത്തി ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. മലയാളം അടിസ്ഥാനമാക്കിയുള്ള ക്ലബ് ഹൗസ് പരിപാടിയില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ വേടനുമായി ചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് ഒരു സ്ത്രീ എന്നോട് ചോദിച്ചത്. അന്ന് വേടനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. ആ പ്രൊജക്ട് പിന്നീട് അവസാനിപ്പിച്ചു. അതിന് ശേഷവും വേടനെതിരെ നിരവധി പേര്‍ രംഗത്തെത്തി', ചിന്മയി കുറിച്ചു.

'എനിക്കുവന്ന നിരവധി അവസരങ്ങളും ജോലികളും നഷ്ടപ്പെടുത്തിയിട്ടും വേടനുമായുള്ള വേദികള്‍ നിരന്തരം ഞാന്‍ നിരസിച്ചു. സമ്മതമില്ലാതെ സ്തീകളെ ചൂഷണം ചെയ്യാന്‍ പുരുഷന്മാര്‍ സാമൂഹിക ആക്ടിവിസത്തെ ഒരു മുഖംമൂടിയായി ഉപയോഗിക്കുന്നത് സ്വീകാര്യമല്ല', എന്നും ചിന്മയി പറഞ്ഞു.

'പ്രശ്‌നം അതുതന്നെയാണ്: വേടനെ പോല്ലെയുള്ള ആണുങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ സമാനമായ സാമൂഹിക പരിസരമുള്ള സ്ത്രീകള്‍ മുന്നോട്ടുവരുമ്പോള്‍ അവര്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് മാത്രമല്ല. ഒറ്റപ്പെടുകയും ചെയ്യുന്നു. കാരണം അയാള്‍ ഒരു 'ഹീറോ'യോ 'നേതാവോ' ആണ്. സ്ത്രീകള്‍ 'വലിയ നന്മയ്ക്കായി' അവന്റെ അതിക്രമങ്ങള്‍ സഹിക്കണം. ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി സ്വയം ചിത്രീകരിച്ച ഈ പുരുഷന്മാരില്‍ ചിലര്‍, അവര്‍ പോരാടുമെന്ന് അവകാശപ്പെടുമ്പോഴും ആക്രമണകാരികളായി തുടരുന്നു', എന്നും ചിന്മയി കുറ്റപ്പെടുത്തി.

Content Highlights: Chinmayi questions TN CM Vijay and Rajmohan platforming rapper Vedan

To advertise here,contact us