ഒറ്റ രാത്രികൊണ്ട് അടച്ചുപൂട്ടി ഐടി കമ്പനി; തൊഴില്‍രഹിതരായത് 700 ജീവനക്കാര്‍, സിഇഒ അറസ്റ്റില്‍

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്

മുംബൈ: യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് ഒരു കമ്പനി പൂട്ടിയപ്പോള്‍ ജീവിതോപാധി നഷ്ടമായത് എഴുന്നൂറോളം ജീവനക്കാര്‍ക്ക്. മഹാരാഷ്ട്രയിലാണ് സംഭവം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതോടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരും ഇന്റേണുകളും ഉള്‍പ്പെടെ എഴുന്നൂറിലധികം ജീവനക്കാര്‍ തൊഴില്‍രഹിതരായി. മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ചെക്കുകള്‍ മടങ്ങിയെന്നും പരാതികളുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കമ്പനിയുടെ സിഇഒയെ വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഏപ്രിലിലാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.. ജീവനക്കാര്‍ക്ക് ഓഫീസിലെത്താനോ കുടിശികയായ ശമ്പളം വാങ്ങാനോ കഴിഞ്ഞില്ലെന്നും മാനേജ്‌മെന്റില്‍ നിന്ന് വ്യക്തമായ ആശയവിനിമയം പോലും ഉണ്ടായില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു. പലരും രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് കമ്പനി പൂട്ടിയ വിവരം അറിയുന്നത് പോലും. 2025-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി ലാപ്‌ടോപ്പുകളുടെയും ഓണ്‍ബോര്‍ഡിംഗ് ആവശ്യങ്ങളുടെയും പേരില്‍ ജീവനക്കാരില്‍ നിന്നും ഇന്റേണുകളില്‍ നിന്നും 15,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ഈടാക്കിയിരുന്നതായി ആരോപണമുണ്ട്.

തുടക്കത്തില്‍ ശമ്പളവും സ്റ്റൈപ്പന്‍ഡുകളും കൃത്യസമയത്ത് നല്‍കിയിരുന്നതായും ഇത് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് വിശ്വാസം നല്‍കിയെന്നും ജീവനക്കാര്‍ പറയുന്നു. 2026 ജനുവരി മുതല്‍ മിക്ക ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാതെയായി. കുടിശിക തീര്‍ക്കാന്‍ നല്‍കിയ ചെക്കുകള്‍ ബൗണ്‍സായതായും ജീവനക്കാര്‍ പറയുന്നു. ഇന്റേണുകള്‍ക്ക് സ്റ്റൈപ്പെന്റുകളും ലഭിച്ചിരുന്നില്ല. ഏപ്രില്‍ 20-ന് കമ്പനി ജീവനക്കാര്‍ പൂനെ പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: IT company shuts down overnight; 700 employees unemployed, CEO arrested

To advertise here,contact us