ബിഹാറില്‍ റേഷന്‍ കാര്‍ഡുകള്‍ വെട്ടുന്നു; SIRന് ശേഷമുള്ള വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം കാര്‍ഡ്

പാട്‌ന, മുസാഫര്‍പൂര്‍, അരാരിയ, ഭാഗല്‍പൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ അസാധുവാക്കിയത്

പാട്‌ന: ബിഹാറില്‍ മൂന്ന് ശതമാനത്തോളം റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കി. എസ്‌ഐആര്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് മാത്രം കാര്‍ഡ് പുതുക്കി നല്‍കുകയാണ് സർക്കാർ. എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും പട്ടിക ശുദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 5.5ലക്ഷം പേരുടെ പേരുകള്‍ വെട്ടിയെന്നാണ് വിവരം. ഇതുവരെ 97.56 ശതമാനം സൂക്ഷപരിശോധനയും പൂര്‍ത്തിയായെന്ന് ഭക്ഷ്യവകുപ്പ്മന്ത്രി അശോക് ചൗധരി പറഞ്ഞു. 8.19ലക്ഷം റേഷന്‍ കാര്‍ഡുകളാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിലാണ് 5.57ലക്ഷം ഒഴിവാക്കിയതി. ബാക്കിയുള്ള 2.59ലക്ഷം കാര്‍ഡുകള്‍ നിലനിര്‍ത്തി.

ഗുണഭോക്താവിന്റെ മരണം, ദീര്‍ഘകാലമായുള്ള കുടിയേറ്റം, നിര്‍ബന്ധമാക്കിയ ഇ - കെവൈസി പൂര്‍ത്തീകരിക്കാത്തത്, വരുമാന അടിസ്ഥാനത്തിലുള്ള അയോഗ്യത എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ ഒഴിവാക്കിയിരിക്കുന്നത്. പാട്‌ന, മുസാഫര്‍പൂര്‍, അരാരിയ, ഭാഗല്‍പൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ അസാധുവാക്കിയത്. റദ്ദാക്കിയ കാര്‍ഡുകളുടെ പട്ടിക പുറത്തുവിടണമെന്ന് ജില്ലാ അധികൃതര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് മുമ്പാക്കെ അപ്പീല്‍ നല്‍കാം.

അര്‍ഹതയുള്ളവര്‍ സര്‍ക്കാര്‍ പദ്ധതികളുടെ സഹായം ഉറപ്പിക്കാനാണ് ഈ ക്യാമ്പയിന്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അയോഗ്യരായ ഗുണഭോക്താക്കളെ വോട്ടര്‍ പട്ടികയും റേഷന്‍ കാര്‍ഡ് വിവരങ്ങളും തമ്മില്‍ ചേര്‍ത്ത് നോക്കിയാണ് കണ്ടെത്തിയത്. ആദായനികുതി അടയ്ക്കുന്നവര്‍, കമ്പനി ഡയറക്ടര്‍മാര്‍, വാഹന ഉടമകള്‍ എന്നിവര്‍ സൗജന്യ ധാന്യ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്നുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Bihar is undertaking a ration card verification exercise in which eligibility is reportedly tied to inclusion in the SIR voter list

To advertise here,contact us