ലിയോ റിവ്യുവിലൂടെ വൈറല്‍, രജനിയുടെ സുഹൃത്ത്; നടനും സംവിധായകനുമായ സത്യേന്ദ്ര അന്തരിച്ചു

വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു

തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലായി അറുപതിലധികം സിനിമകളിൽ അഭിനയിച്ച മുതിർന്ന നടനും നിരൂപകനുമായ എസ്. സത്യേന്ദ്ര (65) അന്തരിച്ചു. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു .ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സത്യേന്ദ്രയുടെ ബെംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രജനീകാന്ത്, രഘുവരൻ തുടങ്ങിയവരുടെ ആദ്യകാല സിനിമാ യാത്രകളിൽ അവരോടൊപ്പം സഹനടനായും ചെറിയ വേഷങ്ങളിലും സത്യേന്ദ്ര വേഷമിട്ടിരുന്നു. രഘുവരന് ഹരിഹരന്‍ ചിത്രം ഈളവത്തു മനിതനിലേക്ക് എത്തിക്കുന്നതും സത്യേന്ദ്രയായിരുന്നു. പ്രശസ്ത കന്നഡ സംവിധായകൻ പി.വി. കാരന്തുമായുള്ള ബന്ധത്തിലൂടെയാണ് സത്യേന്ദ്രയ്ക്ക് നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പിന്നീട് പി.വി. കാരന്തിൻ്റെ സുഹൃത്ത് സംവിധാനം ചെയ്ത 'നാഗപർണ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

2021ല്‍ വസന്ത ബാലന്‍ സംവിധാനം ചെയ്ത 'ജയില്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുള്‍പ്പെടെ ഏഴ് ഭാഷകളിലായി 60ലധികം സിനിമകളിലും 150ലധികം ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 15 ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജർമൻ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ പഠിച്ച അദ്ദേഹം വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് ഒരു ഭാഷാ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: Actor, filmmaker, and YouTube reviewer Satyendra passed away following health complications, according to reports. He gained massive attention on social media after his outspoken reviews of the film Leo went viral among cinema audiences. Satyendra was also known for acting in Tamil films and sharing strong opinions on cinema through online platforms.

To advertise here,contact us