'എക്സ്റ്റോർഷൻ ഡയറക്ടറേറ്റ് ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേട്'; ഇ ഡിയെ പരിഹസിച്ച് മഹുവ

'സര്‍ക്കാരിന്റെ സ്വകാര്യ സൈന്യമല്ല ഇ ഡി. അത് ഓർക്കുന്നത് നല്ലതായിരിക്കും'

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എക്സ്റ്റോര്‍ഷന്‍ ഡയറക്ടറേറ്റ് ഇപ്പോള്‍ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് ലജ്ജാകരമാണെന്നാണ് മഹുവ എക്സിൽ കുറിച്ചത്. റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും പ്രതിപക്ഷ നേതാക്കൾ മാത്രമാണ് വിധേയരാകുന്നത്. ഇത് എന്തുകൊണ്ടാണെന്ന് മഹുവ ചോദിച്ചു. സര്‍ക്കാരിന്റെ സ്വകാര്യ സൈന്യമല്ല ഇ ഡി. ഇത് ഓർത്താൽ നല്ലതായിരിക്കുമെന്നും മഹുവ കൂട്ടിച്ചേർത്തു.

അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കി. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഐഎം പ്രവർത്തകർ അടിച്ചു തകര്‍ക്കുകയും ചെയ്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും ചെരുപ്പേറും ഉണ്ടായി.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലും ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അണികളും പ്രവര്‍ത്തകരും നേതാക്കളും തെരുവിലാണ്. വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടത്തിയതെന്നും അത് ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ് എന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.

Content Highlights- ed raids against opposition leaders mocked by mahua as extortion directorate controversy

To advertise here,contact us