കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദീർഘകാലമായി തൃണമൂൽ കോൺഗ്രസ് മുൻകൈ എടുത്ത് സംഘടിപ്പിച്ച് വരുന്ന വാർഷിക 'രക്തസാക്ഷി ദിനാചരണം' ഇത്തവണ കോൺഗ്രസ് ഏറ്റെടുത്ത് നടത്തും. ഈ വർഷം ജൂലൈ 21ന് കൊൽക്കത്തയിലെ ഷാഹിദ് മിനാറിൽ പൊതുപരിപാടി സംഘടിപ്പിക്കുമെന്നാണ് കോൺഗ്രസ് ബംഗാൾ ഘടകം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കൊൽക്കത്തയുടെ ഹൃദയഭാഗത്ത് കോൺഗ്രസ് പൊതു പരിപാടി സംഘടിപ്പിക്കുമെന്നാണ് ശുഭങ്കർ സർക്കാർ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട പരായത്തിൻ്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ പുതിയ നീക്കം.
1993 ജൂലൈ 21ന് ഇടതുമുന്നണി ഭരണകാലത്ത് എസ്പ്ലനേഡിൽ (ധർമ്മതല) മമത ബാനർജി നയിച്ച റാലിക്കിടെ പോലീസ് വെടിവയ്പ്പിൽ 13 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ജൂലൈ 21 രക്തസാക്ഷി ദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് ആ ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് മമത ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതോടെ ക്രമേണ രക്തസാക്ഷി ദിനാചരണം അവർ ഏറ്റെടുക്കുകയായിരുന്നു. എല്ലാ വർഷവും ധർമ്മതലയിൽ വമ്പിച്ച റാലികളോടെ തൃണമൂൽ കോൺഗ്രസ് രക്തസാക്ഷി ദിനത്തിൻ്റെ വാർഷിക ആഘോഷം നടത്തി വരികയായിരുന്നു.
തൃണമൂൽ കോൺഗ്രസ് രക്തസാക്ഷി ദിനാചരണം ആസൂത്രിതമായി "ഹൈജാക്ക്" ചെയ്തുവെന്നും ദിനാചരണം നടത്തുന്നതിൽ നിന്ന് കോൺഗ്രസിനെ തടഞ്ഞിരുന്നുവെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. രക്തസാക്ഷി ദിനാചരണ പരിപാടി പരസ്യമായി സംഘടിപ്പിക്കാൻ ഞങ്ങൾക്ക് ഭരണപരമായ അനുമതി അനുവദിച്ചിരുന്നില്ല. താൽക്കാലിക ഷെഡുകൾക്ക് കീഴിൽ ബിദാൻ ഭവനിൽ ഞങ്ങൾക്ക് രക്തസാക്ഷി ദിനം ആചരിക്കേണ്ടിവന്നു എന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് സംഘടനാപരമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. ബിജെപിക്കെതിരായ രാഷ്ട്രീയ ബദലായി സ്വയം ശക്തിയാർജ്ജിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. തൃണമൂൽ കോൺഗ്രസിലേയ്ക്ക് പോയ പഴയ നേതാക്കളോട് മാതൃസംഘടനയിലേയ്ക്ക് മടങ്ങിവരാനും കോൺഗ്രസ് നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട്.
Content Highlights: Congress in West Bengal is gearing up for a political revival following the decline of Trinamool Congress (TMC). The party has announced it will observe July 21 as Martyrs’ Day to honor its slain workers and regain ground in the state. This move signals a renewed aggressive strategy against TMC.