പെൻഷൻ വാങ്ങാൻ ദുരിതയാത്ര; ഛത്തീസ്ഗഡിൽ യുവതി ഭർതൃമാതാവിനെ ചുമലിലേറ്റി നടന്നത് 9 കിലോമീറ്റർ ദൂരം

പൊരിവെയിലിൽ അരുവികളും പാറക്കെട്ടുകളും വനപാതകളും കടന്നാണ് വയസായ ഭർതൃമാതാവിനെയും ചുമന്ന് യുവതി സ്ഥിരം പെൻഷൻ വാങ്ങാനെത്തുന്നത്

റായ്പൂർ: ബാങ്കിൽ നിന്നും പെൻഷൻ വാങ്ങാനായി 90വയസുള്ള ഭർതൃമാതാവിനെ ചുമലിലേറ്റി യുവതി നടന്നത് 9 കിലോമീറ്ററോളം ദൂരം. ഛത്തിസ്ഗഡിലെ സുർഗുജ ജില്ലയിലെ മെയിൻപഥ് പ്രദേശത്ത് നിന്നുള്ള യുവതിയുടെയും ഭർതൃമാതാവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൊരിവെയിലിൽ അരുവികളും പാറക്കെട്ടുകളും വനപാതകളും കടന്നാണ് വയസായ ഭർതൃമാതാവിനെയും ചുമന്ന് യുവതി സ്ഥിരം പെൻഷൻ വാങ്ങാനെത്തുന്നത്.ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

സുഖ്മാനിയ ഭായ് എന്ന യുവതിയാണ് പെൻഷൻ വാങ്ങുന്നതിന് ഭർതൃമാതാവിനെ ചുമലിലേറ്റി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത്. ഇവിടെ വനമേഖലകളോട് അടുത്ത പ്രദേശങ്ങളിൽ ഗതാഗത സൗകര്യങ്ങൾ കുറവാണ്. അതിനാൽ ഗ്രാമീണർക്ക് ദീർഘദൂരം കാൽനടയായി സഞ്ചരിക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. അടിസ്ഥാന സേവനങ്ങൾ ലഭിക്കാൻ പോലും കാടും മലയും അരുവികളും താണ്ടിയാണ് അവർ പല ഓഫീസുകളിലും എത്തുന്നത്.

പെൻഷൻ ആനുകൂല്യം ലഭിക്കുന്നവർ നേരിട്ട് എത്തിയാൽ മാത്രമേ തുക അനുവദിക്കുകയുള്ളു എന്ന നിയമം മൂലം മാസങ്ങളായി യുവതി ഭർതൃമാതാവിനെയും ചുമലിലേറ്റിയാണ് ബാങ്കിലെത്തുന്നതെന്ന് മറ്റ് പ്രദേശവാസികൾ പറയുന്നു. ഇവരുടെ വിരലടയാളം അല്ലെങ്കിൽ തിരിച്ചറിയൽ പരിശോധനയ്ക്ക് ശേഷം മാത്രമേ ബാങ്കുകൾ പെൻഷൻ വിതരണം ചെയ്യുകയുള്ളു.

1500രൂപയാണ് കുടുംബത്തിന് പെൻഷനിലൂടെ ലഭിക്കുന്നത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ മാസത്തേത് ഒരുമിച്ച് ലഭിക്കും. തങ്ങൾ താമസിക്കുന്നിടത് ഗതാഗത സൗകര്യമില്ലാത്തതിനാൽ ദുർഘടമായ വനപാതകൾ താണ്ടിയാണ് ബാങ്കിലെത്തുന്നതെന്ന് യുവതിയും പറയുന്നു. മുമ്പ് പെൻഷൻ നേരിട്ട് ഗ്രാമങ്ങളിലെത്തിച്ച് നൽകിയുന്നു. എന്നാൽ പുതിയ രീതി ആരംഭിച്ചതോടെ പലർക്കും ബുദ്ധിമുട്ടേറിയെന്നും യുവതി പറയുന്നു.

Content Highlights: A woman in Chhattisgarh travelled around nine kilometres carrying her mother-in-law on her shoulders to help her reach a bank and collect pension benefits

To advertise here,contact us