'മാതാവിന് ശസ്ത്രക്രിയ,15 ദിവസത്തേക്ക് ജാമ്യം വേണം'; ഇടക്കാല ജാമ്യം തേടി ഉമർ ഖാലിദ് ഹൈക്കോടതിയിൽ

ഉമറിൻ്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂ ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം തേടി മുൻ ഗവേഷക വിദ്യാർത്ഥി ഉമർ ഖാലിദ് വീണ്ടും കോടതിയിൽ. അസുഖബാധിതയായ മാതാവിൻ്റെ ശസ്ത്രക്രിയക്കായി പതിനഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഉമറിൻ്റെ ആവശ്യം. അന്തരിച്ച അമ്മാവൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണമെന്ന കാര്യവും ഉമർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉമറിൻ്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡൽഹി കർക്കർദൂമ അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ജാമ്യം നൽകുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നടപടി. ഇതോടെയാണ് ഉമർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിൻ എന്നിവർ വെള്ളിയാഴ്ച ഹർജി പരിഗണിക്കും.

ഡൽഹി കലാപ ഗൂഢാലോചന കേസിൽ അഞ്ച് വർഷത്തിലേറെയായി ജയിലിലണ് ഉമർ ഖാലിദ്. കലാപ കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ചരിയ എന്നിവരുടെ ബെഞ്ചിന്റെ തീരുമാനത്തെ ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബെഞ്ചാണ് വിമർശിച്ചത്. വിചാരണ നീണ്ടുപോയാൽ ജാമ്യം നൽകണമെന്ന നജീബ് കേസിലെ വിധിയാണ് നിയമമെന്നും ഇത് പാലിച്ചില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ഉമറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതി വിധി വന്നത്.

Content Highlights: Umar Khalid has approached the High Court challenging the trial court order that denied him bail in the Delhi riots conspiracy case.

To advertise here,contact us