49ലക്ഷം മുടക്കിയുള്ള യാത്ര അവസാന നിമിഷം നിഷേധിച്ച സംഭവം; ഡച്ച് എയർലൈൻസിനെതിരെ കർണാടകയിൽ നിയമ പോരാട്ടം

നഷ്ടപരിഹാരം ലഭിക്കാനായല്ല താന്‍ പരാതി നല്‍കിയതെന്നും എയര്‍ലൈന്‍സിൻ്റെ ഉത്തരവാദിത്ത കുറവിനെയാണ് ചോദ്യം ചെയ്തതെന്നുമാണ് പരാതിക്കാരൻ്റെ നിലപാട്

ബെംഗളുരു: KLM റോയൽ ഡച്ച് എയര്‍ലൈന്‍സിനെതിരെ നിയമനടപടിയുമായി ഇന്ത്യക്കാരനായ ജെ എസ് സതീഷ് കുമാർ. വിനോദയാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് KLM റോയൽ ഡച്ച് എര്‍ലൈന്‍സിനെതിരെയാണ് തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ജെ എസ് സതീഷ് കുമാർ കോടതിയെ സമീപിച്ചത്. കുടുംബ സമേതം പെറുവിലേയ്ക്ക് നിശ്ചയിച്ചിരുന്ന വിനോദ യാത്ര മുടക്കിയെന്ന് ആരോപിച്ചാണ് KLM റോയൽ ഡച്ച് എയര്‍ലൈന്‍സിനെതിരെ ജെ എസ് സതീഷ് കുമാർ കേസ് നൽകിയിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങൾ, ഡോക്യുമെന്റേഷൻ പരിശോധനകൾ, അന്താരാഷ്ട്ര യാത്രയ്ക്കിടെ എയർലൈൻ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ് ലോകത്തിലെ പ്രമുഖ എയർലൈനുകളിൽ ഒന്നായ KLM റോയൽ ഡച്ച് എയര്‍ലൈന്‍സിനെതിരെ സതീഷ് നൽകിയിരിക്കുന്ന കേസ്.

KLM റോയൽ ഡച്ച് എയര്‍ലൈന്‍സിൻ്റെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കർണാടകയിലെ ദേവനഹള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നാണ് ന്യൂ ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിമാന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.

കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഡച്ച് എയര്‍വേയ്‌സിൻ്റെ ഫ്‌ളൈറ്റ് ബോര്‍ഡ് ചെയ്യാന്‍ എത്തിയ സതീശിനെയും കുടുംബത്തെയും വിസയെ സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞു. തുടർന്ന് അവസാന നിമിഷം സതീഷിനും കുടുംബത്തിനും യാത്ര ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു. 2024 ജൂണ്‍ 19നാണ് ഈ സംഭവം നടന്നതെന്നാണ് പരാതിയില്‍ സതീഷ് പറയുന്നത്. സതീഷിനും കുടുംബത്തിലെ മറ്റ് ഏഴ് അംഗങ്ങള്‍ക്കുമായി ബെംഗളുരുവില്‍ നിന്നും പെറുവിലേക്കും അവിടെ നിന്നും തിരികെയുമായി 49ലക്ഷം വിലമതിക്കുന്ന റീഫണ്ട് ചെയ്യാനാവാത്ത ബിസിനസ് ക്ലാസ് ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. 2024 ജൂലായ് 3നായിരുന്നു ഇവര്‍ മടക്കയാത്ര ബുക്ക് ചെയ്തത്.

യാത്രക്കായി കുടുംബ സമേതം കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിലെത്തിയെന്നാണ് സതീഷ് പറയുന്നത്. യാത്രക്കായുള്ള പ്രാഥമികമായ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിന് ശേഷം സതീഷും കുടുംബവും ചെക്ക് ഇന്‍ കൗണ്ടറില്‍ മണിക്കൂറുകളോളം കാത്തിരുന്നിരുന്നു. ഒടുവിൽ വിമാനം പുറപ്പെടാന്‍ സമയമായപ്പോഴാണ് ബോര്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചത്. പെറുവിയന്‍ വിസ ഇല്ലെന്ന കാരണമാണ് എയര്‍ലൈന്‍സ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പെറുവിലേക്ക് പ്രവേശിക്കാനായി താൻ കൈയിൽ കരുതിയിരുന്ന രേഖകൾ കൃത്യമായി മനസിലാക്കാന്‍ എയര്‍ലൈന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് സതീഷിന്റെ വാദം. പ്രത്യേകം പെറുവിയന്‍ വിസ ഇല്ലാതെ യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലെ സാധുവായ വിസ അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ പെറുവില്‍ പ്രവേശിക്കാമെന്നും അദ്ദേഹം വാദിക്കുന്നു.

സംഭവത്തിൽ പ്രതിഷേധിക്കുകയും പരാതി നൽകുമെന്ന് പറയുകയും ചെയ്തതിന് പിന്നാലെ പിന്നീട് KLM റോയൽ ഡച്ച് എയര്‍ലൈന്‍ തന്നെയും കടുംബത്തെയും 'റെഡ് ഫ്ലാഗിങ്ങി'ൽ പെടുത്തിയെന്നും ഇത് മൂലം പിന്നീട് അന്താരാഷ്ട്ര യാത്രകൾ നടത്തുന്നതിന് തടസ്സം നേരിട്ടെന്നും സതീഷ് പരാതിയിൽ പറയുന്നുണ്ട്. മകനെ സിംഗപ്പൂരിൽ തടഞ്ഞ് നിർത്തി പെറുവിൽ നിന്നും ഡീപോർട്ട് ചെയ്യപ്പെട്ടത് എന്തെന്ന നിലയിൽ ചോദ്യം ചെയ്തെന്നും തനിക്ക് ഓസ്ട്രേലിയയിലും സമാന അനുഭവം നേരിടേണ്ടി വന്നുവെന്നും സതീഷ് പരാതിയിൽ പറയുന്നുണ്ട്.

നഷ്ടപരിഹാരം ലഭിക്കാനായല്ല താന്‍ പരാതി നല്‍കിയതെന്നും എയര്‍ലൈന്‍സിൻ്റെ ഉത്തരവാദിത്വ കുറവിനെയാണ് ചോദ്യം ചെയ്തതെന്നും സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ഇത്തരം അനുഭവം മറ്റുള്ളവര്‍ക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും യാത്രക്കാര്‍ മതിയായ രേഖയുമായി യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും KLM റോയല്‍ ഡച്ച് എയര്‍ലൈന്‍സ് പ്രതികരിച്ചു.

Content Highlights: An 8-member family was reportedly denied boarding at Kempegowda International Airport despite purchasing tickets worth ₹49 lakh

To advertise here,contact us