'തമിഴ് രാഷ്ട്രീയത്തിൽ കനിമൊഴി ഉദയനിധി സ്റ്റാലിന് ഭീഷണി, സീറ്റ് നൽകാത്തത് അതിനാൽ': നാം തമിഴർ കക്ഷി

കനിമൊഴി ഉദയനിധിക്ക് ഭീഷണിയാകുമെന്നതിനാലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതെന്നും ആരോപണം

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സീറ്റ് വിഭജനത്തെ ചോദ്യം ചെയ്ത് പ്രാദേശിക പാർട്ടിയായ നാം തമിഴർ കക്ഷി. ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിനെ സംരക്ഷിക്കാനുള്ള കരുക്കളാണ് നീക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ലോക്‌സഭ എംപിയായ കനിമൊഴിയെ സ്ഥാനാർത്ഥിയാക്കുന്നതിനെ ഡിഎംകെ എതിർത്തുവെന്നാണ് നാം തമിഴർ കക്ഷി നേതാവായ സീമന്റെ ആരോപണം. ഏറ്റവും മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ശബ്ദം ഉയർത്തുകയും ചെയ്യുന്ന കനിമൊഴി ഉദയനിധി സ്റ്റാലിനെക്കാൾ മികച്ച പ്രകടനം നടത്തുകയും അദ്ദേഹത്തെക്കാൾ മികച്ച് നിൽക്കുകയും ചെയ്യുമെന്നതിനാലാണ് ഈ നടപടിയെന്നും സീമൻ പറയുന്നു. മാത്രമല്ല കനിമൊഴി ഉദയനിധിക്ക് ഭീഷണിയാകുമെന്നതിനാലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ കനിമൊഴിയുടെ സാന്നിധ്യം ഉദയനിധി സ്റ്റാലിന്റെ പ്രഭാവത്തെയും അദ്ദേഹത്തിന്റെ വിജയത്തെയും ബാധിക്കുമെന്ന് ആരോപിച്ചതിന് പുറമേ, സഖ്യകക്ഷികൾക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളെ കുറിച്ചും സീമൻ ചില ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. തമിഴ്‌നാട് തൂത്തുകുടിയിൽ നിന്ന് രണ്ട് തവണ എംപിയായ കനിമൊഴിക്ക് സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നാണ് പാർട്ടി വൃത്തങ്ങളിൽ ചിലർ പറയുന്നുണ്ട്. മാത്രമല്ല ഡിഎംകെ നേതൃത്വം കനിമൊഴി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നുമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

വനിതാ സംവരണ സീറ്റുകളിലെ ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടയിലാണ് സീമന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും മികച്ചതും കഴിവുള്ളതുമായ ഒരു വനിതാ നേതാവ് പാർട്ടിയിൽ ഉണ്ടായിട്ടും മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മകൾക്ക് ഡിഎംകെ ഒരു സീറ്റ് നൽകുന്നില്ലെന്ന് എൻടികെ നേതാവ് മാധ്യമങ്ങളോടും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ ഡിഎംകെയോ കനിമൊഴിയോ പ്രതികരിച്ചിട്ടില്ല.

Content Highlights: Allegations surface that Kanimozhi was denied a seat in Tamil Nadu elections due to being seen as a political threat to Udayanidhi Stalin

To advertise here,contact us