'മോദി ട്രംപിനായി ഇസ്രയേലില്‍ പോയി'; എപ്സ്റ്റീന്‍ ഫയല്‍സില്‍ മോദിയുടെ പേരും, അവജ്ഞയോടെ തള്ളുന്നുവെന്ന് കേന്ദ്രം

എന്തിനാണ് ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്റെ ഉപദേശം മോദി സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. എപ്സ്റ്റീൻ അദ്ദേഹത്തിന്റെ ഒരു ഇ മെയിലിൽ മോദിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുവേണ്ടി 2017ൽ ഇസ്രയേൽ സന്ദർശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീൻ്റേതായി പുറത്തുവന്ന മെയിലിൽ പറയുന്നത്. എന്നാൽ സന്ദർശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലിൽ പരാമർശമില്ല.

വിഷയം ഏറ്റെടുത്ത കോൺഗ്രസ്, ഇത് രാജ്യത്തിന് നാണക്കേടാണെന്നും എന്ത് ഗുണമാണ് ഉണ്ടായതെന്ന് മോദി വ്യക്തമാക്കണമെന്നും ആരോപിച്ചു. എന്തിനാണ് കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്റെ ഉപദേശം മോദി സ്വീകരിച്ചതെന്നും ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 'ദേശീയ അപമാനം' എന്നാണ് സംഭവത്തെ കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചത്. മെയിലിൽ എപ്സ്റ്റീൻ പരാമർശിക്കുന്ന 'ഇറ്റ് വർക്ക്ഡ്' എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്നും അത് മോദി വ്യക്തമാക്കണമെന്നും പവൻ ഖേര എക്‌സിൽ കുറിച്ചു.

അതേസമയം എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. എപ്സ്റ്റീന്റെ പരാമർശം ജൽപനമാണെന്നും അത്യന്തം അവജ്ഞതയോടെ അത് തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചിരുന്നു എന്നതൊഴിച്ചാൽ ഫയലുകളിലെ മറ്റ് സൂചനകളെല്ലാം ഒരു കുറ്റവാളിയുടെ ജൽപനമാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. പരാതികൾക്ക് പിന്നാലെ ജയിലിലായ എപ്സ്റ്റീനെ വിചാരണയ്ക്ക് മുമ്പ് സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്ക് ശേഷം അമേരിക്കൻ നീതിന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുകയായിരുന്നു. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക-വ്യവസായരംഗത്തെ പ്രമുഖരുടെ പേരുകളും യുവതികൾക്കൊപ്പമുള്ള ചിത്രങ്ങളും എപ്സ്റ്റീൻ ഫയൽസിന്റെ ഭാഗമായി പുറത്തുവന്നിരുന്നു.

Content Highlights: PM Narendra Modi's name mention in Jeffrey Epstein Files, external affairs refused the claims

To advertise here,contact us