മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം ഇന്ന് ജന്മനാടായ ബാരാമതിയിൽ നടക്കും. ഭൗതിക ശരീരം രാവിലെ ഏഴു മണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരുമണിക്കൂർ പൊതുദർശനമുണ്ടാകും. പിന്നാലെ വിലാപയാത്രയായി സംസ്കാര ചടങ്ങുകൾ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. പൂർണമായ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഇന്നലെ രാവിലെയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടത്. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംബവി പഥക്, ഫ്ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 8 മണിയോടെ മുംബൈയിൽനിന്നും പുറപ്പെട്ട ലിയർ ജെറ്റ് 45എന്ന വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തെന്നിമാറി കത്തിയമരുകയായിരുന്നു. ഏകദേശം 8.45 നായിരുന്നു അപകടം. ബാരാമതിയിൽ എൻസിപിയുടെ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അജിത് പവാർ. നാല് റാലികളിലാണ് അജിത് പവാർ പങ്കെടുക്കേണ്ടിയിരുന്നത്.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടരുകയാണ്. ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അപകടത്തിന് പിന്നാലെ വ്യോമസേനയുടെ വിദഗ്ധ സംഘം ബാരാമതിയിൽ എത്തി പരിശോധന നടത്തി.
അതേസമയം അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും വിഷയം രാഷ്ട്രീയ വത്ക്കരിക്കരുതെന്നും മുതിർന്ന എൻസിപി നേതാവ് ശരത് പവാർ പറഞ്ഞു. നടന്നത് ദൗർഭാഗ്യകരമായ അപകടമാണ്. അപകടത്തിന് രാഷ്ട്രീയവുമായി ബന്ധമില്ല, വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായെന്നും ശരത് പവാർ പറഞ്ഞിരുന്നു. അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ അനന്തരവന്റെ മരണത്തിലെ ശരത് പവാറിന്റെ പ്രതികരണം.
അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. അജിത് പവാറിന്റെ മരണത്തില് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സിഐഡിക്കായിരിക്കും അന്വേഷണ ചുമതല.
Content Highlights: Baramati plane crash, NCP leader Ajit Pawar's Funeral today, pm narendra modi may attend funeral function