അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടം; ക്യാപ്റ്റൻ സുമിത് കപൂർ അന്ന് മറ്റൊരാൾക്ക് പകരം കയറിയതായിരുന്നെന്ന് വിവരം

യാത്ര ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് ബാരാമതിയിലേക്കുളള വിമാനം പറത്താനുളള നിര്‍ദേശം സുമിത് കുമാറിന് ലഭിച്ചത്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായ അഞ്ചുപേരില്‍ ഒരാളാണ് ക്യാപ്റ്റന്‍ സുമിത് കപൂര്‍. സുമിത് കപൂറും ക്യാപ്റ്റന്‍ ശാംഭവി പഥക്കുമായിരുന്നു വിമാനം നിയന്ത്രിച്ച പൈലറ്റുമാര്‍. എന്നാല്‍ അപകടം നടന്ന ദിവസം സുമിത് കപൂറായിരുന്നില്ല ഡ്യൂട്ടിയ്ക്ക് കയറേണ്ടിയിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നത്. ഹോങ്കോങ്ങില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് എത്തിയ സുമിത് മറ്റൊരു പൈലറ്റിന് പകരമാണ് അന്ന് അജിത് പവാര്‍ സഞ്ചരിച്ച വിമാനം പറത്തിയത്. അപകടത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് ബാരാമതിയിലേക്കുളള വിമാനം പറത്താനുളള നിര്‍ദേശം സുമിത് കപൂറിന് ലഭിച്ചത്.

പരിചയസമ്പത്തുളള പൈലറ്റായിരുന്നു സുമിത്തെന്നും അദ്ദേഹത്തിന് തെറ്റ് പറ്റാനുളള സാധ്യത വളരെ കുറവാണെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിമാനം പറത്തുന്നതിനെ മറ്റെന്തിനേക്കാളും ഏറെ ഇഷ്ടപ്പെട്ടിരുന്ന വളരെ ശാന്തനായ വ്യക്തിയായിരുന്നു സുമിത്തെന്നും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. സുമിത് കപൂറിന്റെ മകനും മരുമകനും പൈലറ്റുമാരാണ്. സുമിത് കയ്യില്‍ ധരിച്ചിരുന്ന ഒരു ബ്രെയ്‌സ്ലെറ്റ് നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ബുധനാഴ്ച രാവിലെയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടത്. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, ശാംഭവി പഥക്, ഫ്ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്നും പുറപ്പെട്ട ലിയര്‍ ജെറ്റ് 45 എന്ന വിമാനം ബാരാമതിയിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ തെന്നിമാറി കത്തിയമരുകയായിരുന്നു. ഏകദേശം 8.45 നായിരുന്നു അപകടം. ബാരാമതിയില്‍ എന്‍സിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അജിത് പവാര്‍.

Content Highlights: Ajith Pawar killed in plane crash; Captain Sumit Kapoor was reportedly a substitute for someone else

To advertise here,contact us