തമിഴ്‌നാട്ടില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

വെളെള കാളി എന്ന ഗുണ്ടയെചോദ്യംചെയ്യലിനായി കൊണ്ടുപോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ബോംബേറുണ്ടായത്

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്. ചെന്നൈ-ട്രിച്ചി നാഷണല്‍ ഹൈവേയില്‍ തിരുമാന്തുറൈ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം. പൊലീസ് എസ്‌കോര്‍ട്ട് വാഹനത്തിന് നേരെ അജ്ഞാതര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നു. വെളെള കാളി എന്ന ഗുണ്ടയെ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് ചോദ്യംചെയ്യലിനായി കൊണ്ടുപോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഒന്‍പത് കൊലപാതങ്ങള്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വെളെള കാളി. ഇയാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത് എന്നാണ് വിവരം.

സ്‌ഫോടനത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പേരാമ്പലൂര്‍ ജില്ലാ അതിര്‍ത്തിയിലേക്ക് പൊലീസ് വാഹനം കടന്നതോടെ രണ്ട് കാറുകള്‍ പിന്തുടര്‍ന്ന് എത്തുകയും നാടന്‍ ബോംബുകള്‍ എറിയുകയുമായിരുന്നു. ഉടന്‍ തന്നെ വാഹനങ്ങളിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഈ വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളെള കാളിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

അതേസമയം, സംഭവം സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തെ സുരക്ഷാ സംവിധാനം ഹൈവേകളില്‍ തകര്‍ന്നുവീഴുകയാണ് എന്നാണ് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞത്. നിലവിലെ ഭരണത്തിന് കീഴില്‍ ക്രിമിനലുകള്‍ക്ക് ഭയമില്ലാതായെന്നും ക്രമസമാധാനില തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആ കുറ്റം ആരുടെ തലയില്‍ കെട്ടിവയ്ക്കുമെന്ന് അറിയില്ലെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു.

Content Highlights: Country bombs Thrown at police escort vehicle in Tamil Nadu; 3 policemen injured

To advertise here,contact us