2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

അമേരിക്കയിൽ നിന്നും നാടുകടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് 2025ല്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. 11,000ത്തിൽ അധികം ഇന്ത്യക്കാരെയാണ് 2025ൽ സൗദി അറേബ്യ നാടുകടത്തിയത്. ഈ പട്ടികയിൽ അമേരിക്കയാണ് രണ്ടാമത്. 2025ൽ 3800ൽ അധികം ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്.

അമേരിക്ക നാടുകടത്തിയവരിൽ ഭൂരിപക്ഷവും സ്വകാര്യ ജീവനക്കാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ ഏറ്റവും ഉയർന്ന കണക്കാണിതെന്നാണ് റിപ്പോർട്ട്. ഡോണൾ‍ഡ് ട്രംപ് ഭരണകൂടം അടുത്തിടെ ആവിഷ്കരിച്ച കർശന നടപടികളും രേഖകളുടെ പരിശോധനയും, വിസ സ്റ്റാറ്റസ്, വർക്ക് ഓതറൈസേഷൻ, ഓവർസ്റ്റേകൾ തുടങ്ങിയവയും ഇന്ത്യക്കാരുടെ നാടുകടത്തലിന് കാരണമായി. വാഷിം​ഗ്ടൺ ഡിസിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത്. 3,414 പേരെയാണ് വാഷിം​ഗ്ടൺ ഡിസിയിൽ നിന്നും നാടുകടത്തിയത്. ഹ്യൂസ്റ്റണിൽ നിന്നും 234 ഇന്ത്യക്കാരെ നാടുകടത്തി.

നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മ്യാൻമാറാണ്. 1591 ഇന്ത്യക്കാരെയാണ് മ്യാൻമാർ നാടുകടത്തിയത്. നാലാമതുള്ള മലേഷ്യ 1,485 ഇന്ത്യക്കാരെ നാടുകടത്തി. യുഎഇ 1469, ബഹ്‌റൈൻ 764, തായ്‌ലൻഡ് 481, കംബോഡിയ 305 തുടങ്ങിയ രാജ്യങ്ങളാണ് ​ഗണ്യമായ തോതിൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യങ്ങൾ. ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ നാടുകടത്തൽ നിരക്കും ഉയർന്നിട്ടുണ്ട്. 2025 ൽ 170 പേരെയാണ് നാടുകടത്തിയത്. ഓസ്‌ട്രേലിയ 114, റഷ്യ 82, അമേരിക്ക 45 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് നാടുകടത്തിയ വിദ്യാർത്ഥികളുടെ എണ്ണം. വിസ അല്ലെങ്കിൽ റെസിഡൻസി കാലാവധി കഴിഞ്ഞിട്ടും തുടരുക, സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുക, തൊഴിൽ ചട്ടങ്ങളുടെ ലംഘനം, തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടൽ, സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ ഏർപ്പെടൽ എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തലിനുള്ള പ്രധാന കാരണങ്ങളായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മ്യാൻമർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തൽ. ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ ആകർഷിക്കുകയും പിന്നീട് അവരെ കുടുക്കുകയും നിയമവിരുദ്ധമായ സൈബർ പ്രവർത്തനങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഒടുവിൽ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്യുന്നതാണ് ഇവിടങ്ങളിലെ രീതി. കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടക്കുന്ന സൈബർ കുറ്റകൃത്യ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഈ രാജ്യങ്ങൾ മാറിയതാണ് ഇത്തരം സാഹചര്യത്തിന് കാരണമാകുന്നതെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Saudi Arabia deported the highest number of Indians in 2025, with America at second place

To advertise here,contact us