ബെംഗളൂരു: ഭാര്യ ഗായത്രിയെ ബെംഗളൂരുവിലുള്ള സ്വത്തുവകകള് കാണിക്കാന് എന്ന് പറഞ്ഞ് കൊണ്ടുപോയതായിരുന്നു ഭര്ത്താവ് അനന്ത്. അല്പ സമയത്തിനുള്ളില് ഇദ്ദേഹം ഒരു ആംബുലന്സ് വിളിച്ചു. റോഡ് അപകടത്തില് ഭാര്യയ്ക്ക് ഗുരുതരമായ പരിക്കേറ്റെന്നും ആശുപത്രിയില് എത്തിക്കണം എന്നുമായിരുന്നു ഇയാള് ആവശ്യപ്പെട്ടത്. ആശുപത്രിയില് എത്തിക്കുന്നതിന് മണിക്കൂറുകള്ക്ക് മുന്പ് തന്നെ ഗായത്രി മരിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടര്ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില് ചുരുളഴിഞ്ഞത് അരുംകൊലയാണ്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ബെംഗളൂരുവിന് സമീപമുള്ള മിട്ടഗനഹള്ളി എന്ന സ്ഥലത്തേക്കാണ് ഗായത്രി(50)യെ അനന്ത്(64) കൊണ്ടുപോയത്. ഇവിടെവെച്ച് ഗായത്രിയുടെ തലയില് ഒരു കല്ല് ഉപയോഗിച്ച് അനന്ത് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഗായത്രി മരിച്ചു. ഇതിന് ശേഷമാണ് ഇയാള് ആംബുലന്സ് വിളിച്ചതും ഭാര്യയ്ക്ക് അപകടത്തില് പരിക്കേറ്റെന്നുള്ള വിവരം അറിയിച്ചതും.
സംഭവം അറിഞ്ഞ് ആശുപത്രിയില് എത്തിയത് ചിക്കജലയിലെ ട്രാഫിക് സബ് ഇന്സ്പെക്ടറായിരുന്നു. പ്രാഥമിക പരിശോധനയില് തന്നെ സംഭവത്തില് ഇദ്ദേഹത്തിന് സംശയം തോന്നി. വിശദമായ പരിശോധനയില് ഗായത്രിക്ക് പരിക്കേറ്റത് വാഹനാപകടത്തില് അല്ലെന്ന് ഉദ്യോഗസ്ഥന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില് അനന്ത് കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയെ കല്ല് ഉപയോഗിച്ച് തലയ്ക്ക് ഇടിച്ച് കൊന്നതാണെന്ന് ഇയാൾ പറഞ്ഞു. അനന്തിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തില് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇക്കാര്യത്തില് അടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights- Bengaluru man smashes wife's head with a stone and claimed it was an accident