പാട്ന: ബിഹാറില് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഭരണം ഏറ്റെടുക്കാനിരിക്കുമ്പോഴും ആര്ജെഡിക്ക് ചെറിയ ആശ്വാസം. 2010ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുമ്പോഴും വോട്ട് വിഹിതത്തിന്റെ കാര്യത്തില് ആര്ജെഡിക്ക് ആശ്വസിക്കാം. ബിജെപിയേക്കാളും ജെഡിയുവിനേക്കാളും വോട്ട് വിഹിതം ഇത്തവണ ആര്ജെഡി നേടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആര്ജെഡി നേടിയത്. ഇത് ബിജെപിയേക്കാള് 2.27 ശതമാനവും ജെഡിയുവിനേക്കാള് 3.8 ശതമാനവും കൂടുതലാണ്. ബിജെപിക്ക് 20.08 ശതമാനവും ജെഡിയുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. കഴിഞ്ഞ ദിവസമായിരുന്നു ബിഹാറിലെ വോട്ടെണ്ണല്. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും നേടി. എന്ഡിഎ സഖ്യം ആകെ നേടിയത് 202 സീറ്റുകളാണ്.
എന്നാല് 243 മണ്ഡലങ്ങളില് 143 മണ്ഡലങ്ങളില് മത്സരിച്ച ആര്ജെഡിക്ക് 25 സീറ്റ് മാത്രമേ നേടാന് സാധിച്ചുള്ളു. 2010ല് 22 സീറ്റ് ലഭിച്ചതിന് ശേഷം ആര്ജെഡി ഇത്രയും മോശം പ്രകടനം തെരഞ്ഞെടുപ്പില് കാണിക്കുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായിരുന്ന തേജസ്വി യാദവ് പോലും കിതച്ചാണ് മണ്ഡലത്തില് വിജയിച്ച് കയറിയത്.
രഘോപൂര് മണ്ഡലത്തിലെ വോട്ടെണ്ണല് പുരോഗമിക്കവേ നിരവധി തവണ പിന്നിലേക്ക് പോയ തേജസ്വി അവസാന റൗണ്ടുകളിലെ വോട്ടെണ്ണുമ്പോഴാണ് ജയിച്ച് കയറിയത്. 14532 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തേജസ്വി ബിജെപി സ്ഥാനാര്ത്ഥിയായ സതീഷ് കുമാറിനെ തോല്പ്പിച്ചത്. മഹാഗഡ്ബന്ധനിലെ മറ്റ് രാഷ്ട്രീയ പാര്ട്ടികള്ക്കും കാര്യമായ സീറ്റുകള് നേടാനായില്ല. കോണ്ഗ്രസ് അഞ്ച് സീറ്റുകളും സിപിഐഎംഎല് ലിബറേഷന് രണ്ട് സീറ്റുകളുമാണ് കരസ്ഥമാക്കിയത്. സിപിഐഎം ഒരു സീറ്റും നേടി. സിപിഐക്ക് ഒരു സീറ്റും നേടാന് സാധിച്ചില്ല. സഖ്യത്തിന് ആകെ നേടാനായത് 35 സീറ്റുകളാണ്.
Content Highlights: Bihar election RJD get more vote share than BJP