ന്യൂഡല്‍ഹി: അധികാരത്തിലിരിക്കെ ചെയ്ത തെറ്റുകള്‍ക്ക് ആം ആദ്മി നേതാക്കള്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയ അഴിമതികളില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വടക്കന്‍ ഡല്‍ഹിയിലെ ഹൈദര്‍പൂര്‍ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടായിരുന്നു രേഖാ ഗുപ്തയുടെ പ്രതികരണം. അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ കൃത്രിമ വിദ്യാഭ്യാസ സമ്പ്രദായമാണ് സൃഷ്ടിച്ചതെന്നും സ്കൂള്‍ കെട്ടിടങ്ങള്‍ പോലും ദുര്‍ബലമായിരുന്നു അവ രണ്ട് വര്‍ഷത്തിനുളളില്‍ തകര്‍ന്നെന്നും രേഖ ഗുപ്ത പറഞ്ഞു.
'കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ സമയമായി. അവരുടെ അഴിമതികള്‍ വെളിച്ചത്തുവന്നുകഴിഞ്ഞു. നിയമം അതിന്റെ വഴിക്കുനീങ്ങി അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. 2018-ല്‍ കെജ്രിവാള് സര്‍ക്കാര്‍ നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം രണ്ട് വര്‍ഷത്തിനുളളില്‍ ഉപയോഗശൂന്യമെന്ന് റിപ്പോര്‍ട്ട് വന്നു. കൃത്രിമ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമാണിത്'- രേഖ ഗുപ്ത പറഞ്ഞു.
ആം ആദ്മി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വിദ്യാഭ്യാസ മാതൃകയെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'ഹൈദര്‍പൂര്‍ ഗ്രാമം ജനസാന്ദ്രത കൂടിയ സ്ഥലമാണ്. പക്ഷെ അവിടെ ഇന്നും ഇംഗ്ലീഷ് മീഡിയം സ്കൂളോ സയന്‍സ് പഠിപ്പിക്കുന്ന സ്കൂളോ ഇല്ല. ഈ ഗ്രാമത്തിലെ കുട്ടികള്‍ സയന്‍സ് പഠിക്കാന്‍ ആഗ്രഹിച്ചാല്‍ അവര്‍ എന്താണ് ചെയ്യുക?'- രേഖ ഗുപ്ത ചോദിച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥ ദയനീയമാണെന്നും സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്മാരുള്പ്പെടെയുളള ജീവനക്കാരുടെ ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രശ്നപരിഹാരത്തിനുളള നടപടികള്‍ ബിജെപി സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി 75 പിഎം ശ്രീ സ്കൂളുകള്‍ നിര്‍മ്മിക്കുമെന്നും സ്വകാര്യ സ്കൂളുകളേക്കാള് മികച്ചതായിരിക്കും സ്കൂളുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: AAP leaders will face action for scams exposed by CAG reports says CM Rekha Gupta