'ഞാൻ നിന്നെ സ്‌നേഹിക്കുന്നില്ലേ, നീ എന്തെങ്കിലും ചെയ്യുമോന്ന് പേടിച്ച് ഓടി വന്നില്ലേ'; യുവാവിന് പൊലീസ് കരുതൽ

കഴിഞ്ഞ ദിവസം രാത്രി 8.15ന് ചിങ്ങവനം റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം

ചിങ്ങവനം പൊലീസ്

കോട്ടയം: 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ലേ, അതുകൊണ്ടല്ലേ ഓടിവന്നത്….', റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിക്കാനെത്തിയ യുവാവിനോടുള്ള പൊലീസുകാരന്റെ ഈ ചോദ്യത്തിന് കയ്യടിക്കുകയാണ് കേരളം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകനായിരിക്കുകയാണ് ചിങ്ങവനം എസ്എച്ച്ഒ അജ്മല്‍ ഷാ.

റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന യുവാവിനെയാണ് എസ്ഐയുടെയും സംഘത്തിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷിക്കാനായത്. കുടുംബ പ്രശനങ്ങളെ തുടര്‍ന്നായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം.

കഴിഞ്ഞ ദിവസം രാത്രി 8.15ന് ചിങ്ങവനം റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. എഫ്എസിടി കടവിന് സമീപത്ത് താമസിക്കുന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എസ്എച്ച്ഒയുടെ ഫോണിലേക്ക് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് യുവാവ് സന്ദേശമയച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ രണ്ട് മണിക്കൂറിന് ശേഷമാണ് യുവാവിന്റെ സന്ദേശം അജ്മല്‍ കണ്ടത്.

ഭക്ഷണം കഴിക്കാനിരിക്കുമ്പോഴായിരുന്നു മെസേജ് ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവാവിനെ ബന്ധപ്പെട്ടു. റെയില്‍വേ ട്രാക്കിലാണ് താനുള്ളതെന്ന് യുവാവ് മറുപടി നല്‍കി. ഉടന്‍ തന്നെ പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പായുകയായിരുന്നു. വിജനമായ ഭാഗത്തായി പാളത്തിന് കുറുകെ കിടക്കുകയായിരുന്നു ഇയാള്‍. പിന്നാലെ യുവാവിന്റെ അടുത്തെത്തി തന്ത്രപരമായി എസ് ഐ രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അജ്മല്‍ ഷാ യുവാവിനോട് സ്‌നേഹത്തോടെ, കരുതലോടെ സംസാരിച്ചു. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ലേ, നിന്റെ അമ്മയും അനിയനും സ്‌നേഹിക്കുന്നില്ലേ.. ഈ പൊലീസുകാരെല്ലാം സ്‌നേഹിക്കുന്നില്ലേ.. ഞാന്‍ ഇവിടെ ഓടിവന്നില്ലേ… നീ എന്തെങ്കിലും ചെയ്യുമോന്ന് പേടിച്ച് പേടിച്ച് ഞാന്‍ ഓടി വന്നതാ. അത്രേം സ്‌നേഹം ഞാന്‍ കാണിക്കുന്നില്ലേ.. നീയെനിക്ക് തള്ളിക്കളയാന്‍ പറ്റുന്ന ആളാണെങ്കില്‍ ഞാന്‍ വരോ.. മനുഷ്യന്റെ ജീവന് വിലയില്ലേഡാ…', അദ്ദേഹം ചോദിച്ചു.

തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് യുവാവിനെ അവര്‍ക്കൊപ്പം വീട്ടിലേക്ക് വിടുകയായിരുന്നു. പ്രശ്‌നം അടുത്ത ദിവസം തന്നെ സംസാരിച്ച് പരിഹരിക്കാമെന്ന ഉറപ്പും പൊലീസ് യുവാവിന് നല്‍കി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights:kerala policeman rescues youth from railway track viral conversation

To advertise here,contact us