കൊച്ചി: ജീവനും സംസ്ഥാനത്തിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗമായ ടൂറിസത്തിനും ഭീഷണിയായ ചില മൃഗങ്ങള്‍ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്‌തേ മതിയാവൂ എന്നതാണ് സത്യമെന്നും അതാണ് നീതിയെന്നും നടി മീനാക്ഷി. അതിനായി കാലാനുസൃതമായി വനനിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെട്ടേ മതിയാവൂവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഏതെങ്കിലും വന്യമൃഗങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കിണറ്റിലോ കുഴിയിലോ വീണാല്‍ രക്ഷാപ്രവര്‍ത്തനമുണ്ടാവും. അവയൊക്കെ ടിവിയിലും സോഷ്യല്‍ മീഡിയയിലും കാണുമ്പോള്‍ അവ രക്ഷപ്പെടണമെന്നാണ് ദൂരെ സുരക്ഷിത നഗരങ്ങളിലും നാടുകളിലുമിരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. അതൊരു മനുഷ്യത്വപരമായ വികാരമാണെങ്കില്‍ കൂടിയും അതിനൊരു മറുപക്ഷവുമുണ്ട് എന്നതും കാണാതിരിക്കരുതെന്നും മീനാക്ഷി കുറിച്ചു.
മീനാക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പ്
'വീണ്ടും ചില ആനക്കാര്യങ്ങള്‍'… സത്യത്തില്‍ .എപ്പോഴാണ് ഈ ആനകളുടെ കാര്യങ്ങള്‍ നമുക്ക് 'ആന'ക്കാര്യങ്ങളാവുന്നത് .. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോര് ചരിത്രാതീത കാലം മുതല്‍ നിലവിലുണ്ട് .. മനുഷ്യന്‍ അവന്റെ ബുദ്ധിയും… ടെക്‌നിക്കുകളും.. അവന്‍ കണ്ടുപിടിച്ച ഉപകരണങ്ങളും കൊണ്ട് കാടുകള്‍ നാടുകളാക്കി നാടുകള്‍ നഗരങ്ങളാക്കി ചുരുക്കത്തില്‍ കാടാണ് മൊത്തത്തില്‍ മാറ്റിയത്…. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകം മനുഷ്യ കേന്ദ്രീകൃതമാക്കപ്പെട്ടു എന്നും പറയാം .. പക്ഷെ പിന്നീട് ആധുനിക മനുഷ്യര്‍ തങ്ങളുടെ നിലനില്പിന് കാടും മൃഗങ്ങളും ഒക്കെയും ആവശ്യമാണെന്ന് കണ്ടെത്തി അവയേയും സംരക്ഷിക്കുവാന്‍ വേണ്ട നിയമങ്ങളുണ്ടാക്കി പക്ഷെ നിര്‍ഭാഗ്യവശാല്‍ അവ കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെടുന്നില്ല എന്നതാണ് കഷ്ടം …
ജനനം കൊണ്ട് വനാതിര്‍ത്തിയില്‍ താമസിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യരാണ് കൂടുതല്‍ പേരും അവര്‍ക്ക് നാടിനും കാടിനും അതിര്‍ത്തിയുണ്ട് താനും .. എന്നാല്‍ മൃഗങ്ങള്‍ക്ക് എന്തതിര്‍ത്തി … അവിടെ താമസിക്കുന്ന മനുഷ്യര്‍ക്കാവട്ടെ എന്നും അവരുടെ കഷ്ടപ്പാടിന്റെ ഫലമായ കൃഷിയും മറ്റ് സ്വത്തുക്കളും വന്യജീവികളുടെ ആക്രമണത്താല്‍ നശിപ്പിക്കപ്പെട്ട് ജീവിതം ദുസ്സഹമാക്കപ്പെട്ട കഥകളാണധികം .. എന്നാല്‍ മനുഷ്യനാല്‍ വല്ല വന്യമൃഗങ്ങള്‍ക്കും വല്ലതും സംഭവിച്ചാല്‍ തീര്‍ന്നു ..സ്വന്തം പക്ഷം പോലും പറഞ്ഞിട്ട് കാര്യമില്ലാത്ത നീതിയും …ഏതെങ്കിലും വന്യമൃഗങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കിണറ്റിലോ കുഴിയിലോ വീണാല്‍ രക്ഷാപ്രവര്‍ത്തനമുണ്ടാവും… അവയൊക്കെ ടി.വി യിലും സോഷ്യല്‍ മീഡിയയിലും കാണുമ്പോള്‍ അവ രക്ഷപെടണമേയെന്ന ആഗ്രഹത്തിലാണ് ദൂരെ സുരക്ഷിത നഗരങ്ങളിലും നാടുകളിലുമിരിക്കുന്നവര്‍ …
അതൊരു മനുഷ്യത്വപരമായ വികാരമാണെങ്കില്‍ കൂടിയും അതിനൊരു മറുപക്ഷവുമുണ്ട് എന്നതും കാണാതിരിക്കരുത് അത് പക്ഷെ സത്യത്തില്‍ ആ നാട്ടിലെ ജനതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിലാവുക … അവര്‍ മനസ്സറിഞ്ഞ് ആഗ്രഹിക്കുക അവ ഇല്ലാതാകണമെന്നാവും എന്നതും ഉറപ്പ് …കാരണം അവരുടെ ജീവനും സ്വത്തും സ്വന്തം മക്കളും മാതാപിതാക്കളുമൊക്കെ ഭീഷണിയില്‍ തന്നെയാണ്… കുഞ്ഞുകുട്ടികളെ സ്‌കൂളുകളില്‍ അയക്കുന്നതുമൊക്കെ എത്ര അരക്ഷിതാവസ്ഥയില്‍ മനസ്സ് പതറിയാവും …
രമ്യഹര്‍മ്മ്യങ്ങളിലിരുന്ന് ഘോര ഘോരം മൃഗങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ക്ക് തങ്ങളുടെ വാസസ്ഥലവും മറ്റും സ്ഥിരമായി വനാതിര്‍ത്തിയിലുള്ള നാടുകളിലേയ്ക്ക് മാറ്റി ഒരു രണ്ടു മൂന്നു വര്‍ഷമെങ്കിലും അവിടെ താമസിച്ചതിന് ശേഷം ഈ വന്യമൃഗ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവര്‍ക്കാകുമോ എന്ന ചോദ്യവുമുണ്ട് … പറഞ്ഞു വന്നത് കണ്ട മൃഗങ്ങളെയെല്ലാം ഒഴിവാക്കണം എന്ന നിലയ്ക്കുമല്ല .. വനാതിര്‍ത്തിയില്‍ താമസിക്കുന്ന മനുഷ്യര്‍ക്കും നമ്മെപ്പോലെ സ്വസ്ഥമായി ജീവിക്കുവാന്‍ അവകാശമുള്ളവരാണ് എന്നതും പ്രാധാന്യമുള്ളതാണ് …
പിന്നെ കാടു കൈയ്യേറി എന്നു പറയുമ്പോള്‍ ഇപ്പോഴാണോ അങ്ങനെ കൈയ്യേറിയത് ..മുന്‍ കാലഘട്ടങ്ങളില്‍ മുന്‍ തലമുറകള്‍ കാടു കൈയ്യേറിത്തന്നെയാണല്ലോ .. നാടും നഗരങ്ങളും സൃഷ്ടിച്ചത് .. വനാതിര്‍ത്തി നാടിനും നാട്ടാര്‍ക്കും .. നമ്മുടെ ഒരു മുഖ്യ വരുമാന മാര്‍ഗ്ഗമായ ടൂറിസത്തിനും ഒക്കെ ഭീഷണിയായ ചില മൃഗങ്ങള്‍ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്‌തേ മതിയാവൂ എന്നതാണ് സത്യം… അതാണ് നീതിയും .. അതിനായ് കാലാനുസൃതമായ വനനിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെട്ടേ മതിയാവൂ ..
ആസ്‌ത്രേലിയ പോലെയുള്ള വനാതിര്‍ത്തി ധാരാളമുള്ള രാജ്യങ്ങള്‍ അവരുടെ ജനതയ്ക്കു വേണ്ടി എന്താണ് (വനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് ) ചെയ്യുന്നത് എന്നതൊക്കെയും മാതൃകയാക്കാവുന്നതാണ് .. (നിരന്തരമായി മനുഷ്യന്റ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളുടെ കാര്യത്തിലാണ് ഞാനിതെഴുതുന്നത് …) അല്ലാതെ മയക്കി പിടികൂടി ഒരു കോളറുമിട്ട് 'ചക്കകൊമ്പന്മാര്‍ വരുന്നുണ്ട് ഓടിക്കോ' എന്ന് അവയെക്കൊണ്ടൊക്കെ പൊറുതിമുട്ടിയ ജന്മം കൊണ്ട് ആ നാട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയോട് പറയലല്ല നീതി എന്നു കരുതുന്നു ,…
Content Highlights: Actress Meenakshi about mission Chakkakkomban