കണ്ണൂർ: ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച കോടതിയെ അധിക്ഷേപിച്ചും രാഷ്ട്രീയ എതിരാളികളോട് കൊലവിളി നടത്തിയും പയ്യന്നൂർ മുൻ എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി ഐ മധുസൂദനൻ. ജഡ്ജി തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള ടി ഐ മധുസൂദനൻ്റെ പ്രതികരണം. ചീമേനിയിൽ സിപിഐഎം പ്രവർത്തകരെ ചുട്ടുകൊന്ന പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓർമ്മിക്കുന്നത് നല്ലതാണെന്ന് ചൂണ്ടിക്കാണിച്ച മധുസൂദനൻ കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും എന്ന കൊലവിളിയും പ്രസംഗത്തിനിടെ നടത്തി. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ടി ഐ മധുസൂദനൻ.
'മഹാനായ ജഡ്ജി മഹമൂദ് ദർവീഷിൻ്റെ കവിതകളൊക്കെ ഉദ്ധരിച്ചു. അദ്ദേഹത്തിന് നല്ല തണുപ്പിലിരുന്ന് കവിതകളൊക്കെ ഉദ്ധരിക്കാം. ഇടതുപക്ഷത്തിൻ്റെ പോരാട്ടവീര്യത്തെ ഇങ്ങനെ തടവും ശിക്ഷയും കൊടുത്ത് ഇല്ലാതാക്കാം എന്ന് വിചാരിച്ച് സങ്കൽപ്പ തോണിയിൽ സഞ്ചരിക്കാം. ഭരണകൂട താൽപ്പര്യത്തിന് വേണ്ടി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിതാഴ്ത്തുക എന്ന നയംതന്നെയാണ് ഈ ഭരണകൂടത്തിൻ്റെ ഭാഗായ ജുഡീഷ്യറിയും നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് കോടതി ഭാഗ്യ'മെന്നും ടി ഐ മധുസൂദനൻ പറഞ്ഞു. സിപിഐഎം എഴുതി കൊടുത്തിട്ടാണോ ഇന്ന പ്രതികൾ ശിക്ഷിക്കണമെന്ന് ജഡ്ജി നിശ്ചയിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
'ധനരാജിൻ്റെ അയൽവാസിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ് കേസിലെ ഒന്നാം സാക്ഷി. അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായത് ധനരാജ് കൊല്ലപ്പെട്ടതിന് ശേഷമാണ്. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമില്ല. അദ്ദേഹം സിപിഐഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഈ രാഷ്ട്രീയത്തിൻ്റെ മുഖ്യവക്താവാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. നിങ്ങൾ അംഗീകരിക്കണ്ട. ഈ കോടതികളും ഞങ്ങളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്. അഞ്ചുപേരെ ചുട്ടുകൊന്നിട്ടുള്ള ചീമേനിയിലെ സംഭവത്തിൽ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല എന്നകാര്യം. പക്ഷെ അവരാരും ഇന്ന് ജീവിനോടെയില്ല എന്ന കാര്യം ഈ ഭരണകൂടം ഓർമ്മിക്കുന്നത് നല്ലതാണ്. ഞങ്ങളാരും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തീർക്കും. അതിലൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ലെ'ന്നും ടി ഐ മധുസൂദനൻ വെല്ലുവിളിച്ചു.
പയ്യന്നൂരിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടും പ്രസംഗത്തിനിടെ ടി ഐ മധുസൂദനൻ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി. 'ഞങ്ങളെ പരിഹസിക്കുന്ന സോഷ്യൽ മീഡിയ ജീവിതങ്ങളില്ലെ. ഞങ്ങൾ എന്തെഴുതിയാലും ചോദിക്കാനും പറയാനും പയ്യന്നൂരിൽ ആളുകളില്ല എന്നാണ് അവർ വിചാരിക്കുന്നത്. നീൻ്റെയൊന്നും വീട്ടിലേയ്ക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തത് കൊണ്ടാണ്. നീയൊക്കെ തെരുവിൽ ഇറങ്ങുമ്പോൾ ചിലതൊക്കെ വരവരച്ച് നിർത്തി ചോദിക്കുടമെന്നും പ്രസംഗത്തിൽ ടി ഐ മധുസൂദനനൻ മുന്നറിയിപ്പ് നൽകി. കിട്ടേണ്ടത് കിട്ടിയിരിക്കും ഞങ്ങളുടെയൊന്നും ക്ഷമ പരീക്ഷിച്ച് ഒരാളും മുന്നോട്ട് പോകേണ്ടതില്ലെന്നും ടി ഐ മധുസൂദനൻ മുന്നറിയിപ്പ് നൽകി. ഇടതുപക്ഷ രാഷ്ട്രീയത്തെയും അവരുടെ കുടുംബങ്ങളെയും പ്രസ്ഥാനത്തെയും സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ വേട്ടയാടി ഇല്ലാതാക്കാൻ സാധിക്കുമെന്ന് ധരിക്കുന്നവർ നന്നായി ആലോചിച്ചിട്ട് എഴുതിയാൽ മതിയെന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകി.
Content Highlights: CPIM Leader T I Madhusoodanan sparks controversy with abusive remarks and threatening statements, saying that every account will be settled in the way it deserves