കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങൾ ഞെരുക്കുന്നുവെന്ന് സതീശൻ; മുന്‍ നിലപാട് ഉയർത്തി പരിഹസിച്ച് സോഷ്യൽ മീഡിയ

കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നുവെന്ന കാര്യം തന്നെയാണ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ ഉന്നയിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്

വി ഡി സതീശൻ

തിരുവനനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എംപിമാര്‍ ഒറ്റക്കെട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എംപിമാരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ, പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍ ഇതേ വിഷയത്തില്‍ സ്വീകരിച്ച നിലപാട് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. എല്ലാ സാമ്പത്തിക പ്രശ്‌നത്തിനും കാരണം കേന്ദ്രമാണെന്ന് വരുത്താനാണ് സര്‍ക്കാര്‍ ശ്രമം എന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍ പറഞ്ഞത്.

വി ഡി സതീശൻ

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായായിരുന്നു ഇന്ന് എംപിമാരുടെ യോഗം ചേര്‍ന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണം സംസ്ഥാനത്തെ ഞെരുക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഒഴിവാക്കിയത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഊര്‍ജ്ജ മേഖലയിലെ നിക്ഷേപങ്ങളില്‍ 0.5 ശതമാനം കടമെടുപ്പ് അനുവദിക്കാത്തത് തിരിച്ചടിയായി. കേന്ദ്ര പദ്ധതി ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ വകുപ്പുതലത്തില്‍ വീഴ്ച ഉണ്ടാകരുത്. ഇഎസ്എ പ്രശ്‌നം പരിഹരിക്കുന്നതിന് എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായിരിക്കെ 2024 ല്‍ സതീശന്‍ പറഞ്ഞത്, ഇന്ന് പറഞ്ഞതിന് നേരെ വിപരീതമായിരുന്നു. എല്ലാ സാമ്പത്തിക പ്രശ്‌നത്തിനും കാരണം കേന്ദ്രമാണെന്ന് വരുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നായിരുന്നു വി ഡി സതീശന്‍ അന്ന് പറഞ്ഞത്. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് സാമ്പത്തിക പ്രശ്‌നമുണ്ടാകുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്രത്തിന് നിരവധി തവണ നിവേദനം നല്‍കി. പ്രതിപക്ഷം ഇടപെട്ടില്ലെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്നും വി ഡി സതീശന്‍ അന്ന് പറഞ്ഞിരുന്നു. 2024 ജനുവരി 30ന് നിയമസഭയിലായിരുന്നു വി ഡി സതീശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്ന് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു അന്നത്തെ സര്‍ക്കാരിനെതിരെ വി ഡി സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം വന്നതോടെ വ്യാപക പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നുവെന്ന കാര്യം തന്നെയാണ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ ഉന്നയിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇത് കഴിഞ്ഞ ഭരണകാലത്ത് ഉള്ളത് തന്നെയല്ലേയെന്നും അന്ന് നിങ്ങള്‍ ബിജെപിക്കൊപ്പം നിന്ന് കേരളത്തിന് പാരവെച്ചതല്ലേ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ഈ തിരിച്ചറിവ് എന്ന് മുതലാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് വാങ്ങിച്ചെടുക്കാന്‍ പിണറായി വിജയന് കഴിവില്ലാ എന്നാണല്ലോ മുന്‍പ് പറഞ്ഞതെന്നും ചിലര്‍ പറഞ്ഞു.

Content Highlights- V D Satheesan has stated that central financial restrictions are putting pressure on Kerala. His remarks have prompted social media users to revisit and highlight his earlier positions on the issue, sparking online discussions about the apparent differences between his past and present statements.

To advertise here,contact us