ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യ വക്താവ് സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൗരവ് ദാസിന്റെ ജനന സ്ഥലം സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ചെന്നൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് (ആര്‍പിഒ) നവംബര്‍ 23ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
പാസ്പോര്‍ട്ട് അപേക്ഷാ പ്രക്രിയയില്‍ അപേക്ഷകന് കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ അധികാരികള്‍ പാസ്പോര്‍ട്ടിലെ പൊരുത്തക്കേട് ശ്രദ്ധിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ നടപടി നേരിടേണ്ടി വരും. പക്ഷെ അതിനും മുമ്പായി അപേക്ഷകന് തങ്ങള്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അതിലൂടെ അവര്‍ക്ക് വിഷയത്തില്‍ അവരുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. സൗരവ് ദാസിനും ഇത്തരത്തില്‍ അവസരം നല്‍കിയതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജന്മസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംബന്ധിച്ച് പാസ്പോര്ട്ടില് പൊരുത്തക്കേട് ഉണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തെന്നും യുകെയിലേക്ക് യാത്ര ചെയ്യുന്നത് സര്‍ക്കാര്‍ വിലക്കിയെന്നും സൗരവ് ദാസ് ആരോപിച്ചിരുന്നു. വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പാണ് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ലഭിച്ചതെന്നും സൗരവ് ദാസ് പറഞ്ഞിരുന്നു.
ജനനതീയതി സംബന്ധിച്ച് അവ്യക്ത ഉണ്ടെന്നാണ് ഇമെയിലൂടെ അറിയിച്ചതെന്നും മറുപടി നല്കുന്നതില് തനിക്ക് ഒരു പ്രയാസവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ബോധപൂര്‍വ്വം ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണെന്നും സൗരവ് ദാസ് പറഞ്ഞിരുന്നു.
യുവജന പ്രക്ഷോഭങ്ങളെ കുറിച്ച് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വകലാശായില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സൗരവ് ദാസ് ഇന്നലെ ലണ്ടനിലേക്ക് യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പാസ്പോര്‍ട്ടിലെ ജനനതീയതി സംബന്ധിച്ച് അവ്യക്ത ഉണ്ടെന്ന് കാണിച്ച് യാത്ര മുടക്കുകയായിരുന്നു. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനയ്ക്ക് തുടര്‍ച്ചയായാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
Content Highlights: The Ministry of External Affairs has clarified that Saurav Das was issued a notice seven days before the travel restriction was imposed.